Malappuram
കാളികാവില്‍ കനത്ത കാറ്റും മഴയും കാറ്റില്‍ വീടുകള്‍ക്ക് നാശം

കാളികാവ്: ഇന്നലെ കാളികാവ് കണാരന്‍പടിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും നാല് വീടുകള്‍ക്ക് ഭാഗിക നാശം. നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം മുടങ്ങി. പ്രദേശത്ത് നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി.
റോഡരികിലെ കൂറ്റന്‍ മാവ് മരം വീണതിനെ തുടര്‍ന്നാണ് റോഡ് തടസമുണ്ടായത്. ഇതേ മരത്തിന്റെ കമ്പ് തട്ടി ഇതിനടുത്ത മാടമ്പത്ത് ഷിബുവിന്റെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിര്‍മിച്ചു വരുന്ന വീടിന്റെ ഷണ്‍ ഷേഡ് പൊട്ടി തകര്‍ന്നു. കമുക് വീണ് പരേതനായ മാടമ്പത്ത് വാസുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. എസ്‌റ്റേറ്റിലെ റബര്‍ മരംവീണ് ഊട്ട് പുരക്കല്‍ മീനാക്ഷിയുടെ വീടിന് നാശം സംഭവിച്ചു.
അഡ്വ. സന്തോഷിന്റെ ഗെറ്റ് മരം വീണ് തകര്‍ന്നു. പരേതനായ ടി ശംസുദ്ദീന്റെ വീടിന്റെ മേല്‍ക്കൂരയിലും മരം വീണ് ഓടുകള്‍ തകര്‍ന്നു. താണിപ്പാടം റോഡിലെ ചെങ്കോട് കളം എസ്‌റ്റേറ്റിലെ നൂറ്റമ്പതോളം മരങ്ങള്‍ കാറ്റില്‍ മറിഞ്ഞു വീണു. കൂനാരി ഉസ്സന്റെ ഏതാനും റബര്‍ മരങ്ങളും കാറ്റില്‍ നിലം പൊത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് മേഖലയില്‍ കനത്ത മഴയും മിന്നലും കാറ്റുമുണ്ടായത്.
പുല്ലങ്കോട് 52-ാം ബ്ലോക്ക് ഭാഗത്ത് കനത്ത മഴ പെയ്തു. കണാരന്‍പടിയില്‍ മരം വീണതോടെ രണ്ട് മണിക്കൂറിലേറെ കാളികാവ്- കരുവാരകുണ്ട് റോഡില്‍ ഗതാഗതം മുടങ്ങി. നിലമ്പൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാര്‍ മരം മുറിച്ച് നീക്കിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പെറ്റ ജമീല, വില്ലേജ് ഓഫീസര്‍ അല്ലി സ്ഥലം സന്ദര്‍ശിച്ചു.