Ongoing News
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓഹരികള്‍ ശ്രീനിവാസന്‍ കൈമാറി

ചെന്നൈ: എന്‍ ശ്രീനിവാസന് ഇനി മുതല്‍ ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഓഹരി പങ്കാളിത്തമില്ല. ഫ്രാഞ്ചൈസിയിലെ തന്റെ ഓഹരികള്‍ മുഴുവന്‍ ശ്രീനിവാസന്‍ ഇന്ത്യാ സിമന്റ്‌സ് ക്രിക്കറ്റേഴ്‌സ് ട്രസ്റ്റിന് കൈമാറി. ഇന്ത്യാ സിമന്റ്‌സ് ക്രിക്കറ്റ് ടീമിലെ മുന്‍ കളിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യാ സിമന്റ്‌സ് ക്രിക്കറ്റേഴ്‌സ് ട്രസ്റ്റ്. ഇന്ത്യന്‍ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമിലുണ്ടായിരുന്ന 29 ശതമാനം ഓഹരികളാണ് ശ്രീനിവാസന്‍ കൈമാറിയത്. ഓഹരി കൈമാറ്റം ബി സി സി ഐ.യെ ഔദ്യോഗികമായി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ട്രസ്റ്റ് രൂപവത്കരണവും ഇന്ത്യാ സിമന്റ്‌സിലെ ഓഹരി കൈമാറ്റവും പൂര്‍ത്തിയായതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തിനുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വരുമാനത്തിന്റെ 29 ശതമാനം ഇന്ത്യ സിമന്റ്‌സിന്റെ ജീവനക്കാര്‍ക്കാണ് ലഭിക്കുക. ബാക്കി 71 ശതമാനം മറ്റ് ഓഹരി ഉടമകള്‍ക്കും. 1974 മുതല്‍ കമ്പനിയില്‍ ജോലി ചെയ്ത ക്രിക്കറ്റ് താരങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളായിരിക്കും. കണക്കുകള്‍ അനുസരിച്ച് ശ്രീനിവാസന് ലാഭ വിഹിതമൊന്നും ലഭിക്കില്ല. അടുത്തിടെ ചെന്നൈയുടെ മതിപ്പുവില അഞ്ച് ലക്ഷമാക്കി കുറച്ചുകാണിച്ച് ഉടമസ്ഥാവകാശം കൈമാറിയ നടപടിയില്‍ ബി സി സി ഐ അന്വേഷണം നടത്തുകയാണ്.