Ongoing News
പത്ത് ഓവര്‍ ത്രില്ലറില്‍ ബാംഗ്ലൂര്‍

ബെംഗളൂരു: ഐ പി എല്ലില്‍ പത്ത് ഓവര്‍ ത്രില്ലറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 18 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സെടുത്ത മന്‍ദീപ് സിംഗാണ് ബാംഗ്ലൂരിന്റെ വിജയശില്‍പ്പി. മന്‍ദീപ് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: പത്ത് ഓവറില്‍ 111/4. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 9.4 ഓവറില്‍ 115/3. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്.
മഴ വില്ലനായതോടെയാണ് മത്സരം പത്ത് ഓവറാക്കി ചുരുക്കിയത്. ക്രിസ് ഗെയ്‌ലും (9 പന്തില്‍ 21 റണ്‍സ്) വിരാട് കോഹ്‌ലിയും (20 പന്തില്‍ 34 റണ്‍സ്) നല്‍കിയ മികച്ച തുടക്കവും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ്് പുറത്തെടുത്ത മന്‍ന്ദീപ് സിംഗുമാണ് റോയല്‍സിന് ജയം നേടിക്കൊടുത്തത്. അവസാന രണ്ട് ഓവറില്‍ 26 റണ്‍സായിരുന്നു ബാംഗ്ലൂരിന്റെ വിജയലക്ഷ്യം. ഉമേഷ് യാദവ് എറിഞ്ഞ ഒമ്പതാമത്തെ ഓവറില്‍ 13 റണ്‍സ് പിറന്നതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 13. റസ്സല്‍ എറിഞ്ഞ അവസാന ഓവറിലെ മൂന്നാമത്തെ പന്തും നാലാമത്തെ പന്തും സിക്‌സര്‍ പറത്തി മന്‍ദീപ് സിംഗ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.
ടോസ് നേടിയ ബാഗ്ലൂര്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 17 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 45 റണ്‍സെടുത്ത ആന്ദ്ര റസ്സലിന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പ (23), ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (12), ദെസ്‌കാര്‍ത്തെ (12) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ബാഗ്ലൂരിന് വേണ്ടി സ്റ്റാര്‍ക്ക്, വീസ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.