Connect with us

National

നൂറ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂലൈയിലെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച നൂറ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അതോടൊപ്പം, കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട ഭവന പദ്ധതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ അടുത്ത മാസം മുതല്‍തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് ഈ മാസം ആദ്യം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതികള്‍ക്ക് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി ബജറ്റില്‍ 6000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്ന നഗരങ്ങളെ മത്സരാധിഷ്ഠിതമായി പിന്നീട് തീരുമാനിക്കും. സംസ്ഥാനങ്ങള്‍ക്ക് നഗരങ്ങളുടെ പേര് നിര്‍ദേശിക്കാവുന്നതാണ്. വായ്പാശേഷി, ഊര്‍ജ-ജല ലഭ്യത, നഗര രൂപകല്‍പ്പന തുടങ്ങിയവ പരിഗണിച്ചാകും സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി നഗരങ്ങളെ തിരഞ്ഞെടുക്കുക. പദ്ധതി നഗരങ്ങളെ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും രാഷ്ട്രീയ ഇടപെടല്‍ ഒരുതരത്തിലും ഉണ്ടാകില്ലെന്നും വെങ്കയ്യ നായിഡു നേരത്തെ പറഞ്ഞിരുന്നു. നഗരങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ന്യൂയോര്‍ക്കിന്റെ മുന്‍ മേയര്‍ മിക്കായേല്‍ ബ്ലൂംബെര്‍ഗിന്റെ സേവനം ലഭ്യമാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ അതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമായിരിക്കും സര്‍ക്കാറിന്റെ ചുമതലയെന്നും മന്ത്രി അറിയിച്ചിരുന്നു.
വിദേശ മൂലധന നിക്ഷേപത്തിന് രാജ്യം അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങുന്നതിനായി ഇതിനകം താത്പര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ മേല്‍നോട്ടങ്ങള്‍ക്കായി രൂപവത്കരിച്ച സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ഇന്ത്യ, സംരംഭങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നഗരങ്ങള്‍ക്ക് വികസന ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നതിന് മുന്നോടിയായി നഗരത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടത് സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളാകും ഇതില്‍ ഉണ്ടാകുക. പ്രാദേശിക പഠനം നടത്തി പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍, നഗരത്തിലെ നേതാക്കളെയും സംരംഭകരെയും ഒരുപോലെ സമാര്‍ട്ട്‌സിറ്റി പദ്ധതികളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതുമാകും.
അതിനിടെ, അമേരിക്കയിലെ സ്മാര്‍ട്ട് സിറ്റി കൗണ്‍സില്‍ ഇന്ത്യയില്‍ പദ്ധതി ആരംഭിക്കുന്നതിനായി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ റിസര്‍ച്ച് സ്റ്റഡീസ് ട്രെയിനിംഗ് പ്രസിഡന്റ് പ്രതാപ് പഡോഡുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ രാജ്യത്തു നിന്നുള്ള സ്മാര്‍ട്ട് സിറ്റി വിദഗ്ധരെ സഹകരിപ്പിക്കുമെന്നും കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.