പകല്‍സമയം സ്ലീപ്പര്‍ ക്ലാസില്‍ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇരുട്ടടി

Posted on: April 30, 2015 3:54 am | Last updated: April 29, 2015 at 8:55 pm

trainതിരുവനന്തപുരം: പകല്‍സമയം സ്ലീപ്പര്‍ ക്ലാസില്‍ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ നിയമം. നിലവില്‍ റിസര്‍വേഷനില്ലാതെ പകല്‍ സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരെ വന്‍പ്രതിസന്ധിയിലാക്കുന്നതാണ് റെയില്‍വേയുടെ പുതിയ വ്യവസ്ഥ.
കുറഞ്ഞത് 200 കിലോമീറ്റര്‍ ദൂരത്തിന്റെ യാത്രാനിരക്കും ഒപ്പം റിസര്‍വേഷന്‍ ചാര്‍ജും കൂടി നല്‍കിയാല്‍ മാത്രമേ മെയ് ഒന്നു മുതല്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നു റെയില്‍വേ അറിയിച്ചു. ഇതിനായി ഡീ റിസേര്‍വ്ഡ് കോച്ചുകളില്‍ മാത്രമേ കയറാകൂ എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിലവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലം വരെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റെടുത്തു റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിന് 65 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, പുതിയ നിയമം വരുന്നതോടെ മെയ് ഒന്നുനമുതല്‍ ഇതിനായി ഈടാക്കുന്നത് തിരുവനന്തപുരത്തു നിന്നും 200 കിലോമീറ്ററിനു 120 രൂപയും റിസര്‍വേഷന്‍ ചാര്‍ജുമാണ്.
പകല്‍സമയങ്ങളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നതിനാല്‍ ഹ്രസ്വദൂരയാത്രക്കാര്‍ക്ക് ഏറെ സഹായകരമായിരുന്നു. എന്നാല്‍, റിസര്‍വേഷന്‍ ബോഗികളില്‍ വന്‍തോതില്‍ ആളുകള്‍ കയറിക്കൂടുന്നതിനാല്‍ യാത്ര ദുരിതമാണെന്നു റിസര്‍വേഷന്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് റെയില്‍വേയുടെ നിലപാട്.