വിമര്‍ശത്തിന് അതീതരോ ന്യായാധിപന്മാര്‍?

Posted on: April 30, 2015 5:30 am | Last updated: April 29, 2015 at 6:46 pm

ജഡ്ജിമാരെ വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടപടി വിവാദമായിരിക്കയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പാസാക്കിയ പ്രമേയത്തിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സാണ് രംഗത്തുവന്നിരിക്കുന്നത്. ജഡ്ജിമാരെ വിമര്‍ശിക്കരുതെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ന്യായാധിപ സംഘടന പ്രമേയം പിന്‍വലിച്ചു പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി.
സോളാര്‍ കേസ് പ്രതി സരിത നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെതിരെ വ്യാപകമായി ഉയര്‍ന്ന വിമര്‍ശമാണ് പ്രശ്‌നത്തിന് നിദാനം. സരിത ജയിലിലായിരുന്ന ഘട്ടത്തില്‍ തനിക്കു ചിലതു പറയാനുണ്ടന്ന് എന്‍ വി രാജുവിനോടു പറഞ്ഞിരുന്നു. എറണാകുളത്തെ സി ജെ എം കോടതിയില്‍ ഹാജരായപ്പോള്‍ സരിത കാര്യങ്ങള്‍ രഹസ്യമായി രാജുവിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മൊഴി കേട്ടതല്ലാതെ രാജു അത് രേഖപ്പെടുത്തിയില്ല. പകരം ജയിലില്‍ ചെന്ന ശേഷം മൊഴി എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചു അവര്‍ എഴുതി നല്‍കിയ കാര്യങ്ങളാണ് സരിതയുടെ കത്തെന്ന പേരില്‍ ഇതിനിടെ പുറത്തുവന്നത്.
മജിസ്‌ട്രേറ്റ് രാജുവിന്റെ ഈ നടപടിയെക്കുറിച്ചു പല ഊഹാപോഹങ്ങളും പ്രചരിച്ചു. നിരവധി പേര്‍ ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്തിയെന്ന് പരാതിപ്പെട്ട സരിതയുടെ മൊഴിയില്‍ പല ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടത് കൊണ്ടാണ് അത് രേഖപ്പെടുത്താന്‍ വിമുഖത കാണിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു. രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും പ്രശ്‌നം ചൂടേറിയ ചര്‍ച്ചയായി. ഇതാണ് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പലരും സംസ്ഥാനത്തെ ന്യായാധിപാരെ ചെളിവാരിയെറിയുകയാണെന്നാണ് പ്രമേയത്തില്‍ സംഘടന കുറ്റപ്പെടുത്തുന്നത്. ജഡ്ജിമാരെ ആക്ഷേപിക്കുന്നത് പലര്‍ക്കും ഇഷ്ടവിനോദമാണെന്നും ന്യായാധിപരുടെ നിര്‍ഭയമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാഗ്രഹിക്കുന്ന ചില ദുശ്ശക്തികളാണ് ഇതിന് പിന്നിലെന്നും പ്രമേയം അധിക്ഷേപിക്കുന്നു. എന്നാല്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മാത്രമല്ല, ഹൈക്കോടതി തന്നെ രാജുവിന്റെ നിലപാടില്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ന്യായാധിപ സംഘടന വിസ്മരിക്കുകയാണ്. സരിത പറഞ്ഞ കാര്യങ്ങള്‍ കേട്ട ശേഷം രേഖപ്പെടുത്താതിരുന്നത് കോടതി നടപടക്രമങ്ങളുടെ ലംഘനമാണെന്നും ജനമധ്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടാന്‍ ഇത് ഇടയാക്കിയെന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ജഡ്ജി കൂടിയായ വിജിലന്‍സ് രജിസ്ട്രാര്‍ വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അദ്ദേഹത്തിന് കുറ്റപത്രം നല്‍കുകയും മാധ്യമങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് രാജുവിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന് വക്കാലത്തുമായി സംഘടന രംഗത്തുവന്നത് ന്യായാധിപ സമൂഹം അര്‍ഹിക്കുന്ന സ്ഥാനത്തിന് ചേര്‍ന്നതായില്ല.
പാതയോരങ്ങളിലെ പൊതുയോഗം നിരോധിച്ച 2010ലെ ഹൈക്കോടതി വിധിക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങളോട് പ്രതികരിക്കവെ, ജഡ്ജിമാരെയും കോടതിയെയും വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വ്യക്തമാക്കിയതാണ്. ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് അപകടകരമാണെന്ന് അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടപ്പോഴാണ് അതിന് തിരുത്തായി കൃഷ്ണയ്യര്‍ ഈ നിരീക്ഷണം നടത്തിയത്. ജഡ്ജിമാര്‍ മനുഷ്യരായതിനാല്‍ അവര്‍ക്ക് തെറ്റ് പറ്റാമെന്ന് 2013 ആഗസ്റ്റിലെ ഹൈക്കോടതി സനദ്ദാന ചടങ്ങില്‍ ജസ്റ്റിസ് ബി കമാല്‍ പാഷയും ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിഹത്യ ഒഴിവാക്കണമെന്നല്ലാതെ ജഡ്ജിമാരെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. അത്രയല്ലേ മജിസ്ട്രറ്റ് രാജുവിന്റെ കാര്യത്തിലുണ്ടായുള്ളൂ. വ്യക്തിഹത്യ നടത്തുകയായിരുന്നില്ല, അദ്ദേഹത്തിന്റെ നടപടിയിലെ ദുരൂഹത ചൂണ്ടിക്കാട്ടുകയാണ് വിമര്‍ശകര്‍ ചെയ്തത്. നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നില്‍ക്കേണ്ട ന്യായാധിപന്മാരില്‍ നിന്ന് അതിന് നിരക്കാത്ത നീക്കങ്ങളുണ്ടാകുമ്പോള്‍ വിമര്‍ശമുയരുക സ്വാഭാവികമാണ്. വ്യക്തിയെയോ നീതിന്യായ വ്യവസ്ഥയെയോ അല്ല ഇവിടെ ലക്ഷ്യം വെക്കുന്നത്. ന്യായാധിപന്റെ സംശയാസ്പദവും സുതാര്യമല്ലാത്തതുമായ നടപടിയെയാണ്. അതെങ്ങനെയാണ് ന്യായാധിപ സമൂഹത്തിനെതിരായ നീക്കമാകുക? ജനാധിപത്യത്തില്‍ ആര്‍ക്കും അപ്രമാദിത്വമില്ലല്ലോ.