Connect with us

Kerala

ഹജ്ജ് ക്യാമ്പിന് നെടുമ്പാശ്ശേരിയില്‍ കെട്ടിടമായി

Published

|

Last Updated

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നടത്തുന്നതിന് നെടുമ്പാശ്ശേരിയില്‍ മെച്ചപ്പെട്ട കെട്ടിടം ലഭ്യമായി. വിമാനത്താവളത്തിന് കിഴക്കുവശമുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ക്യാമ്പ് നടത്തിപ്പിന് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അനുമതി നല്‍കി. ഇതുവരെയുള്ള ധാരണ പ്രകാരം കേരളത്തില്‍ നിന്നുള്ള 5858 പേരെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറ് പേരെയുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വരുന്ന സീറ്റുകളില്‍ ഒരു ഭാഗം കൂടി വരും ദിവസങ്ങളില്‍ സംസ്ഥാനത്തിനു ലഭിക്കുന്നതോടെ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ള കുറേ പേര്‍ക്ക് കൂടി ഇത്തവണ അവസരം ലഭിക്കും. അപേക്ഷ സമര്‍പ്പിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് ഓരോ കാര്യങ്ങളിലും കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നതിന് പ്രത്യേകം പരിശീലനം നേടിയ 245 വളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ വാളണ്ടിയര്‍മാര്‍ മുഖേന അതാതു സമയം ഹാജിമാരെ അറിയിക്കും. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസിന് കരാര്‍ ഉറപ്പിച്ചിട്ടുള്ള എയര്‍ ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും വലിയ വിമാനങ്ങള്‍ ഒരുക്കി എയര്‍ ഇന്ത്യ കുറ്റമറ്റ രീതിയില്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാര്‍ പറഞ്ഞു.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം സെപ്തംബര്‍ രണ്ട് മുതലാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര ആരംഭിക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ തന്നെ ഹജ്ജ് സെല്ലിന്റെയും ഹജ്ജ് ക്യാമ്പിന്റെയും പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കെല്ലാം ഏകീകൃത ബാഗേജുകളാണ് ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് . ബാഗുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തന്നെയാണ് വിതരണം ചെയ്യുന്നത്. 5,100 രൂപയാണ് ഇതിന് ഈടാക്കുന്നത്. രണ്ടാം ഗഡു തുക അടക്കുമ്പോള്‍ ബാഗേജിനുള്ള പണവും ഈടാക്കുന്നതാണ്.
യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ബിജു ഐ എ എസ്, എം എല്‍ എമാരായ സി പി മുഹമ്മദ്, മുഹമ്മദുണ്ണി ഹാജി, അസി. സെക്രട്ടറി ഇ സി മുഹമ്മദ്, അംഗങ്ങളായ വി മുഹമ്മദ് ഹാജി, എ കെ അബ്ദുര്‍റഹ്മാന്‍, സി ബി അബ്ദുല്ല ഹാജി, സി പി സൈതലവി മാസ്റ്റര്‍, ഡോ. ഇ കെ അഹമ്മദ് കുട്ടി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി ഉവൈസ് ഹാജി, അഹമ്മദ് മൂപ്പന്‍, മുജീബ് പുത്തലത്ത് സംബന്ധിച്ചു.