മയക്കുമരുന്നു കേസില്‍ ഇന്തോനേഷ്യ വധശിക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

Posted on: April 29, 2015 5:14 am | Last updated: April 28, 2015 at 11:15 pm

hangജക്കാര്‍ത്ത: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും ദയാഹരജികളും അവഗണിച്ചുകൊണ്ട് ഇന്തോനേഷ്യ മയക്ക് മരുന്ന് കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴ് വിദേശികളെയും ഒരു ഇന്തോനേഷ്യക്കാരന്റെയും ശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇന്തോനേഷ്യന്‍ ദ്വീപിലെ ജയിലില്‍ ശവപ്പെട്ടികള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകളെത്തിയതും ഇവിടെ ശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവരെ അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കിയതും വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇതന്റെ ഭാഗമായി ഒമ്പത് തടവുകാര്‍ക്കും ഫയറിങ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലുമെന്ന് കാണിച്ച് 72 മണിക്കൂര്‍ മുമ്പെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ വധശിക്ഷയനുഭവിക്കേണ്ട കുറ്റം ചെയ്തിട്ടില്ലെന്ന് യു എന്‍ വാദിച്ചിരുന്നു. അതേസമയം വധശിക്ഷ എപ്പോള്‍ നടപ്പാക്കുമെന്ന് ഇന്തോനേഷ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ ശവപ്പെട്ടികളെത്തിയതും തടവുകാരെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചതും രാജ്യത്ത് വധശിക്ഷ നടപ്പാക്കുമ്പോള്‍ സാധാരണ ചെയ്തുവരുന്ന നടപടിക്രമങ്ങളാണ്. അര്‍ധരാത്രിക്ക് ശേഷം ഫയറിങ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കുമെന്നാണ് കരുതുന്നത്. ശിക്ഷിക്കപ്പെട്ടവരിലെ രണ്ട് ആസ്‌ത്രേലിയക്കാരായ മ്യൂരാന്‍ സുകുമാരന്‍(33), ആന്‍ഡ്ര്യു ചാന്‍(31) എന്നിവരുടെ ബന്ധുക്കള്‍ നുസാക്കമ്പാന്‍ഗാന്‍ ദ്വീപിലെ ബിസി ജയിലിലെത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ തീര്‍ത്തു. ഇവരെക്കൂടാതെ നാല് നൈജീരിയക്കാര്‍, ഒരു ബ്രസീലുകാരന്‍ എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ആസ്‌ത്രേലിയയുടെ കടുത്ത എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ഇന്തോനേഷ്യ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.