ഇശല്‍പെരുമ; ലോഗോ പ്രകാശനം ചെയ്തു

Posted on: April 28, 2015 10:09 am | Last updated: April 28, 2015 at 1:09 pm

മലപ്പുറം: സംസ്ഥാന യുവജനക്ഷേമ നടത്തുന്ന ഇശല്‍ പെരുമയുടെ ലോഗോ കലക്ടറേറ്റ് സമ്മേളനഹാളില്‍ ജില്ലാ കലക്ടര്‍ കെ. ബിജു, തിരൂര്‍ സബ് കളക്ടര്‍ ആദീല അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്തു. പൊതുജനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ച രചനകളില്‍ നിന്നും ബദറുസ്സമാന്‍ മൂര്‍ക്കനാട് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.
മാപ്പിളപ്പാട്ടുകളും മാപ്പിള കലകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി യുവജന ക്ഷേമ ബോര്‍ഡ് ജില്ലയില്‍ വര്‍ഷം തോറും നടത്തുന്ന ഇശല്‍പെരുമ മാപ്പിള കലാമേളയും സംസ്ഥാനതല പ്രതിനിധി കാംപും മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലും നടക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീന, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ നൗഷാദ് മണ്ണിശ്ശേരി, റിയാസ് മുക്കോളി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, ഡി.റ്റി.പി.സി സെക്രട്ടറി ഉമ്മര്‍ കോയ, പഞ്ചായത്ത് കോഡിനേറ്റര്‍ ഇ. ബാബുരാജ്, എന്‍. സുഗേഷ് എന്നിവര്‍ പങ്കെടുത്തു.