പ്രകൃതി ദുരന്തങ്ങള്‍ ഉണര്‍ത്തുന്നത്

Posted on: April 28, 2015 6:00 am | Last updated: April 27, 2015 at 11:27 pm

SIRAJ.......ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ മഹാദുരന്തമാണ് ശനിയാഴ്ച നേപ്പാളിലുണ്ടായത്. മഞ്ഞുനിറഞ്ഞ ഹിമാലയന്‍ മലനിരകളുള്‍ക്കൊള്ളുന്ന ഈ നാട്, 7.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ നിശ്ശേഷം തകര്‍ന്നടിഞ്ഞു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നിരവധി ചരിത്രസ്മാരകങ്ങള്‍ നിലംപൊത്തി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2500ല്‍ അധികമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ, മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണെന്നും 5000 കവിഞ്ഞേക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാറിന്റെ വിലയിരുത്തല്‍. പരിക്കേറ്റവരും വീടുകള്‍ തകര്‍ന്നു വഴിയാധാരമായവരും പതിനായിരക്കണക്കിന് വരും. കഴിഞ്ഞ 80 വര്‍ഷത്തിനിടെ ഹിമാലയ പ്രദേശത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഇന്ത്യയിലും നാശനഷ്ടങ്ങള്‍ വിതച്ചു ഇതിന്റെ പ്രകമ്പനം. നേപ്പാളിനോടു ചേര്‍ന്നു കിടക്കുന്ന ബിഹാറില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇങ്ങ് കേരളത്തിലെ കൊച്ചി വരെയും കുലുക്കം അനുഭവപ്പെടുകയുണ്ടായി. മൊത്തം 66 ലക്ഷം പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് യു എന്‍ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.
നേരിയ തോതിലെങ്കിലും ഞായറാഴ്ച രാവിലെ മൂന്ന് തവണയായി തുടര്‍ചലനം അനുഭവപ്പെട്ടതും മധ്യഹിമാലയന്‍ മേഖലയില്‍ കൂടുതല്‍ വിനാശം വിതയ്ക്കുന്ന ഭൂകമ്പപരമ്പര തന്നെ പ്രതീക്ഷിക്കാമെന്ന വിദഗ്ധരുടെ മുന്നറിയിപ്പും നേപ്പാളിനെയും ഇന്ത്യയെയും കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന അതിതീവ്രമായ ഭൂകമ്പം ഇന്ത്യയെ നിര്‍ണായകമായി ബാധിക്കുമത്രേ. തീവ്രത 8ല്‍ കൂടുതല്‍ രേഖപ്പെടുത്താവുന്ന ഈ ഭൂകമ്പപരമ്പര ഏത് സമയത്തും സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്ന ഭൂഫലക സംഗമസ്ഥാനമാണ് ഹിമാലയ മേഖല. ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് തള്ളിനീങ്ങി യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്നുള്ള സമ്മര്‍ദം ഭൂമിക്കടിയില്‍ വന്‍തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനിടയാക്കുന്നുണ്ട്. മേഖലയില്‍ ഇടക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്നതിന് കാരണമിതാണെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം.
മനുഷ്യന്റെ നിസ്സഹായതയിലേക്ക് വിരല്‍ ചൂണ്ടുന്നു ഇത്തരം പ്രകൃതി ദുരന്തങ്ങള്‍. അഭൂതപൂര്‍വമായ മുന്നേറ്റമാണ് അടുത്ത കാലത്തായി സാങ്കേതിക വിദ്യയില്‍ ലോകം കൈവരിച്ചത്. വിവര സാങ്കേതിക മേഖലയിലെ പുരോഗതി വിവരണാതീതമാണ്. കാലാവസ്ഥയുടെ ഗതിവിഗതികളെയും പ്രകൃതിക്ഷോഭങ്ങളെയും നേരത്തെ മനസ്സിലാക്കി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കാനുള്ള ശേഷി ലോകം കൈവരിച്ചുവെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ അവകാശവാദം. ഇവരുടെ കണക്കു കൂട്ടലുകളെയും അവകാശവാദങ്ങളെയും തെറ്റിച്ചുകൊണ്ടാണ് പലപ്പോഴും ദുരന്തങ്ങള്‍ കടന്നുവരുന്നത്. അതിന് കാല ദേശ സമയ വ്യത്യാസമില്ല. ലോകത്തിന്റെ ഏതു മേഖലയും ഒന്നല്ലെങ്കില്‍ മറ്റൊന്നായി ദുരന്തങ്ങള്‍ക്കിരയാകുന്നുണ്ട്. മനുഷ്യന്‍ ഇന്നേവരെ നേടിയ ശാസ്ത്ര നേട്ടങ്ങള്‍ക്കൊന്നും പ്രതിരോധിക്കാനാകാത്ത തരത്തില്‍ കടുത്ത ദുരന്തങ്ങള്‍ ഇനിയും മനുഷ്യ സമൂഹത്തെ കാത്തിരിക്കുന്നുമുണ്ട്. ദക്ഷിണേന്ത്യ പ്രത്യേകിച്ച്, കേരളം ഭൂകമ്പ സാധ്യത കുറഞ്ഞ മേഖലയാണെന്നായിരുന്നു അടുത്ത കാലം വരുയള്ള ധാരണ. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് നടത്തിയ പഠനം ഈ ധാരണ തിരുത്തുന്നു. ഭൂകമ്പ സാധ്യതാ പട്ടിക സോണ്‍ ഒന്നിലായിരുന്ന കേരളം ഇപ്പോള്‍ റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് വരെ ശക്തിയുള്ള ഭൂകമ്പത്തിന് സാധ്യതയുള്ള സോണ്‍ മൂന്നിലെത്തിയെന്നാണ് പഠനത്തില്‍ കണ്ടത്. അടുത്ത കാലത്തായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട ഭൂചലനങ്ങള്‍ ഈ നിഗമനത്തിന് ബലമേകുന്നു.
വേലികളാലും മതിലുകളാലും രാഷ്ട്രങ്ങള്‍ തമ്മില്‍ വേറിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മാനുഷിക ബന്ധങ്ങള്‍ ഈ അതിരുകള്‍ക്കപ്പുറമായിരിക്കണം. ലോകത്തിന്റെ ഏത് കോണില്‍ താമസിക്കുന്ന മനുഷ്യനെയും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാനുള്ള സന്നദ്ധത മനുഷ്യത്വത്തിന്റെ അനിവാര്യ ഘടകമാണ്. മറ്റൊരു നാട്ടില്‍ മഹാദുരന്തങ്ങള്‍ അനുഭവപ്പെടുമ്പോള്‍, അതവിടയല്ലേ എന്ന് ചിന്തിക്കുന്നതിന് പകരം തന്നെപ്പോലെയുള്ള മനുഷ്യരാണല്ലോ അവിടെ ദുരിതമനുഭവിക്കുന്നതെന്ന മാനുഷിക ബോധമായിരിക്കണം ഏതൊരാളിലും ഉണര്‍ന്നുവരേണ്ടത്. സമാനമായ പ്രകൃതി ക്ഷോഭങ്ങള്‍ ഏപ്പോഴും തങ്ങള്‍ക്കു നേരെയും അലറിയടുക്കാമെന്ന വസ്തുത ഓരോ മനുഷ്യനും ഓര്‍ത്തിരിക്കേണ്ടതുണ്ട്. രാഷ്ട്ര നേതൃത്വങ്ങള്‍ക്കിടയിലും വേണം ഈ പാരസ്പര്യവും സഹവര്‍ത്വിത്ത ബോധവും. നേപ്പാള്‍ ദുരന്തത്തില്‍ അത് പുലര്‍ത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് സാധിച്ചു. ദുരന്തം നാശനഷ്ടം വിതച്ചു മണിക്കൂറുകള്‍ക്കകം രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ദുരന്ത നിവാരണ സേന കാഠ്മണ്ഡുവിലെത്തുകയുണ്ടായി. ദുരന്തങ്ങള്‍ക്ക് വിധേയമാകുന്ന അയല്‍നാടുകളില്‍ ആദ്യമായി എത്തുന്നത് ഇന്ത്യയുടെ സഹായഹസ്തമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി സര്‍ക്കാറിനുണ്ടെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വാക്കുകള്‍ പ്രശംസനീയമാണ്.