കെ എസ് ആര്‍ ടി സിയും എന്റെ പരാമര്‍ശവും

Posted on: April 28, 2015 6:00 am | Last updated: April 27, 2015 at 11:23 pm

ksrtcകഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ തകര്‍ക്കുന്ന നടപടികളാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ പെന്‍ഷന്‍ മുടങ്ങി. ശമ്പളം നല്‍കാന്‍ ഓരോ മാസവും കടമെടുക്കേണ്ട ഗതികേടിലെത്തി. പാലക്കാട് ജില്ലാസഹകരണ ബേങ്ക് അനുവദിച്ച വായ്പാതുക ഉപയോഗിച്ചാണ് കഴിഞ്ഞ മൂന്ന് മാസം ശമ്പളം നല്‍കിയത്. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ 22 മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്തു. ഇപ്പോഴും പെന്‍ഷന്‍ എന്ന് നല്‍കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ ആകെ കടബാധ്യത 1793.19 കോടി രൂപയാണ്. കെടി ഡി എഫ്‌സിയിലെ വായ്പ 1461.00 കോടി, ഹഡ്‌കോ വായ്പ 113.14 കോടി, എല്‍ ഐ സി 60.00 കോടി, പാലക്കാട് ജില്ലാ ബേങ്ക് വായ്പ 150.00 കോടി, മറ്റുള്ളവ 9.05 കോടി. ഇതിന് പുറമേ 1359.5 കോടി രൂപ സര്‍ക്കാര്‍ വായ്പയുമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും നല്‍കുന്ന ധനസഹായം വായ്പയായിട്ടാണ്. പുതിയബസുകള്‍ വാങ്ങാന്‍ ഗ്രാന്റായി പണം അനുവദിക്കുന്നില്ല. അവശ്യസര്‍വീസായ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു ന്യായവുമില്ല. ഇപ്പോഴത്തെ ശരാശരി പ്രതിദിനവരുമാനം 5.25 കോടി രൂപയാണ് (സര്‍ചാര്‍ജ്ജ് ചുമത്തിയതിനു ശേഷം വരുമാനത്തില്‍ കുറവ് വരുന്നുണ്ട്). വായ്പാ തിരിച്ചടവിന് 1.90 കോടി, ഡീസലിന് 2.5 കോടി, പെന്‍ഷന്‍ ഫണ്ടിലേക്ക് 0.5 കോടി എന്നിങ്ങനെ ചെലവ് വരുന്നു. ശമ്പളം, സ്‌പെയര്‍പാര്‍ട്‌സ്, ടയര്‍ മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്ക് തുക വേറെ കാണണം. അതാണ് കൂടുതല്‍ കടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
എല്‍ ഡി എഫ് ഭരണം ഒഴിയുന്ന 2011ല്‍ ഒരു മാസത്തെ ശരാശരി നഷ്ടം 28.93 കോടി രൂപയായിരുന്നു. ആ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് പ്രതിമാസനഷ്ടം 58 കോടി രൂപയായിരുന്നത് കാര്യക്ഷമമായ നടത്തിപ്പിലൂടെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നഷ്ടം കൂടിവരികയാണ്. 2015 ജനുവരി മാസം 107.67 കോടി രൂപയും ഫെബ്രുവരി മാസം 108.89 കോടി രൂപയുമാണ്. 2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി 31 വരെ മാത്രമുള്ള നഷ്ടം 1157.14 കോടി രൂപയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ മേന്മയാണിത്! പുതിയ ബസുകള്‍ നിരത്തിലിറക്കി മുഴുവന്‍ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്താല്‍ മാത്രമേ നഷ്ടം കുറയ്ക്കാന്‍ സാധിക്കൂ. എല്‍ ഡി എഫ് സര്‍ക്കാറിന്റെ അവസാനത്തെ മൂന്ന് വര്‍ഷത്തില്‍ വര്‍ഷം പ്രതി 1000 പുതിയ ബസ്സുകള്‍ വീതം നിരത്തിലിറക്കി. യു ഡി എഫ് സര്‍ക്കാര്‍ നാല് വര്‍ഷംകൊണ്ട് ആകെ നിരത്തിലിറക്കിയത് 1500 ഓളം ബസ്സുകള്‍ മാത്രം. അതിലേറെ ബസ്സുകള്‍ കാലപ്പഴക്കം കൊണ്ട് ഓട്ടം നിര്‍ത്തി. ഭാവനയോടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ മുന്നോട്ട് നയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പൊതുമേഖലയെ തകര്‍ത്ത്, സ്വകാര്യ മേഖലയിലേക്ക് ഗതാഗത മേഖലയെ സമ്പൂര്‍ണമായി തള്ളിവിടുക എന്ന ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. തിരുവനന്തപുരം നഗരത്തില്‍ 100 പുതിയ സ്വകാര്യപെര്‍മിറ്റുകള്‍ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വരുമാനം, വായ്പക്കാര്‍ക്ക് വീതിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 27 ഡിപ്പോകളില്‍ നിന്നുള്ള വരുമാനം കെ ടി ഡി എഫ് സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍)ക്കും ഏഴ് യൂനിറ്റുകളിലേത് സുപ്രീം കോടതി വിധിപ്രകാരം പ്രത്യേക പെന്‍ഷന്‍ ഫണ്ടിലേക്കും ഒരു യൂനിറ്റിലെ വരുമാനം പാലക്കാട് ജില്ലാ സഹകരണബേങ്കിലേക്കും പോകും. കടംതിരിച്ചടവ്, ഡീസല്‍, ശമ്പളം, ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവക്ക് എവിടുന്ന് പണം കണ്ടെത്തും? വീണ്ടും കടമെടുക്കുക! ഇങ്ങനെ എത്രനാള്‍ പേവും?
അതാത് കാലങ്ങളില്‍, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാ ഇളവുകളുടെയും സൗജന്യങ്ങളുടെയും ഭാഗമായി, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാര്‍ നികത്തുമെന്നാണ് സര്‍ക്കാര്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളത്. സമൂഹത്തില്‍ അവശത നേരിടുന്നവരും ഭിന്നശേഷിക്കാരുമായ പാവപ്പെട്ടവര്‍ക്ക് യാത്രാ സൗജന്യം നല്‍കുന്നത് തികച്ചും ന്യായമാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റുന്നില്ല. ഈ ഇനത്തില്‍ 1616 കോടി രൂപയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുള്ളത്. 2013 നവംബര്‍ മാസം മുതല്‍ പെന്‍ഷന്‍ തുടര്‍ച്ചയായി മുടങ്ങിയപ്പോള്‍ പെന്‍ഷന്‍കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. പ്രസ്തുത കേസില്‍, ഹൈക്കോടതി, സാമൂഹിക ബാധ്യയുടെ ഭാഗമായി കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുള്ള 1616 കോടി രൂപയുടെ 50 ശതമാനം ഒരു മാസത്തിനകം നല്‍കണമെന്ന് വിധിച്ചു. എന്നിട്ടും പ്രസ്തുത തുക നല്‍കാതെ ഈ വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തുനിഞ്ഞത്. ഒരു പെന്‍ഷന്‍ പാക്കേജുണ്ടാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതൊന്നും നാളിതുവരെ നടപ്പാക്കിയിട്ടില്ല.
2014 ഏപ്രില്‍ 30ന് ഗതാഗത വകുപ്പ് മന്ത്രി ട്രേഡ് യൂനിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുനരുദ്ധരിക്കാന്‍ ഒരു പാക്കേജ് അംഗീകരിക്കാന്‍ തീരുമാനമായി. മന്ത്രി ഇക്കാര്യം നിയമസഭയിലും പ്രഖ്യാപിച്ചു. ഇതിലേക്ക് യൂനിയനുകള്‍ അവരുടെ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിച്ചു. ഒരു വര്‍ഷമായിട്ടും ഈ കാര്യത്തില്‍ ഒരു ചര്‍ച്ച പോലും നടന്നിട്ടില്ല. ഗതാഗതമന്ത്രിയും ധനകാര്യമന്ത്രിയും തമ്മില്‍ തര്‍ക്കിച്ച് പുനരുദ്ധാരണ പാക്കേജ് മുടങ്ങിപ്പോയതായും വാര്‍ത്ത വന്നു. ഈ സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ 2014 ഡിസംബര്‍ മാസം, സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തി. അല്‍പദിവസം കഴിഞ്ഞ് ഐ എന്‍ ടി യു സിയും സമര രംഗത്തുവന്നു. ഡിസംബര്‍ 22ന് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായി.
കുടിശ്ശികയായ പെന്‍ഷന്‍ നല്‍കുക, ശമ്പളം മുടങ്ങാതെ നല്‍കുക, കെ ടി ഡി എഫ് സി വായ്പ പലിശ കുറഞ്ഞ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലേക്ക് മാറ്റുക, സര്‍ക്കാര്‍ വായ്പകള്‍ എഴുതിത്തള്ളുക, പെന്‍ഷന്‍ ഫണ്ടിലേക്ക് പ്രതിമാസം 20 കോടി രൂപ സര്‍ക്കാര്‍ നല്‍കുക, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുനരുദ്ധാരണത്തെക്കുറിച്ച് പഠനം നടത്താന്‍ ഒരു വിദഗ്ധ കമ്മറ്റിയെ നിയോഗിക്കുക എന്നിവയായിരുന്നു ഒത്തുതീര്‍പ്പിലെ പ്രധാന വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ ഒന്നുപോലും നടപ്പായില്ല. 2015 മാര്‍ച്ച് 13ന് ധനമന്ത്രി ‘അവതരിപ്പിച്ചു’ എന്നവകാശപ്പെടുന്ന വിവാദ ബജറ്റിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു പരാമര്‍ശവുമില്ല. തൊഴിലാളികളെ കബളിപ്പിച്ച്, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ കുളംതോണ്ടുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
ലാഭേച്ഛകൂടാതെ, ജനങ്ങള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്ര അത് ഉറപ്പ് വരുത്തുന്നു. ദീര്‍ഘദൂരയാത്ര മുടക്കമില്ലാതെ നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് മാത്രമെ സാധിക്കൂ. മലയോരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സര്‍വീസ് നടത്താനും സ്വകാര്യ ഉടമകളെ കിട്ടില്ല. ചുരുക്കത്തില്‍ കേരളീയരുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.
ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്റെ ജനകീയ മാര്‍ച്ച് ഏപ്രില്‍ 23ന് കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍, ഒരുവിഭാഗം മാധ്യമങ്ങള്‍ വിവാദമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളെ പ്രസംഗത്തില്‍ ഞാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോര്‍പ്പറേഷന്റെ തകര്‍ച്ചക്ക് കാരണമായ ഈ ലേഖനത്തില്‍ വിശദീകരിച്ച എല്ലാകാര്യങ്ങളും ഞാന്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും വിഭാഗത്തിന് സൗജന്യയാത്ര അനുവദിച്ചതാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തകര്‍ച്ചക്ക് കാരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സൗജന്യ യാത്രകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കേണ്ട പണം നല്‍കാതിരിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ആ കൂട്ടത്തില്‍ മുഖ്യമന്ത്രി മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് നടപ്പാക്കാത്ത കാര്യവും എടുത്തുപറഞ്ഞിരുന്നു. അതെല്ലാം മറച്ചുവെച്ചുകൊണ്ട്, ഞാന്‍ അവശരുടെ സൗജന്യയാത്രക്കെതിരെ പ്രസംഗിച്ചു എന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. ഈ വാര്‍ത്ത കണ്ടാണ് ചില ശുദ്ധാത്മാക്കള്‍ എന്നെ വിമര്‍ശിച്ചത്.
എന്നാല്‍ എന്റെ പ്രസംഗത്തില്‍, ഭിന്നശേഷിക്കാരെക്കുറിച്ച് പറയുമ്പോള്‍ ഉപയോഗിച്ച ചില വാക്കുകള്‍ തികച്ചും തെറ്റായതും, ഒഴിവാക്കേണ്ടതുമായിരുന്നു. ഏതെങ്കിലും വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരെ അപമാനിക്കുക എന്നത് എന്റെ ചിന്തയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഭിന്നശേഷിയുള്ള ഒരു മകളുടെ പിതാവായ എനിക്ക് എങ്ങിനെയാണ് അവരെ അധിക്ഷേപിക്കാനാകുക? എന്റെ വ്യക്തിജീവിതത്തെക്കുറിച്ചറിയാത്തവരാണ് വിമര്‍ശകരില്‍ ഏറിയകൂറും. എനിക്കാരോടും പരിഭവമില്ല. ഉത്തരവാദപ്പെട്ട ഒരു ട്രേഡ്‌യൂനിയന്‍ പ്രവര്‍ത്തകന്‍, പ്രസംഗത്തിലും എഴുത്തിലും ഉപയോഗിക്കുന്ന വാക്കുകള്‍ അതീവ സൂക്ഷമതയോടെയാവണമെന്ന്, ഈ വിമര്‍ശനങ്ങള്‍ എന്നെ ഒന്നുകൂടി ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെയാണ്, എന്റെ പ്രസംഗത്തിലെ തെറ്റായ പരാമര്‍ശങ്ങള്‍ക്ക് ഞാന്‍ നിരുപാധികം ക്ഷമാപണം നടത്തിയത്.