ഖാസിമിയ യൂണിവേഴ്‌സിറ്റി നാടിന് സമര്‍പിച്ചു

Posted on: April 27, 2015 9:33 pm | Last updated: April 27, 2015 at 9:33 pm
qasimia univer
ഷാര്‍ജയില്‍ പുതുതായി ആരംഭിച്ച ഖാസിമിയ്യ യൂണിവേഴ്‌സിറ്റി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ പുതുതായി ആരംഭിച്ച ഖാസിമിയ്യ യൂണിവേഴ്‌സിറ്റി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാടിന് സമര്‍പിച്ചു. ചടങ്ങില്‍ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, യൂണിവേഴ്‌സിറ്റി റെക്ടര്‍ പ്രൊഫ. ഡോ. റശാദ് മുഹമ്മദ് സാലം തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസത്തിന്റെയും ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിന്റെയും മികച്ച കേന്ദ്രമായി യൂണിവേഴ്‌സിറ്റി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂടിയായ ശൈഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു.
ഇസ്‌ലാമിന്റെ മധ്യമനിലപാടുകളെയും സഹിഷ്ണുതയെയും ലോകത്തിന് മുമ്പില്‍ തുറന്നുവെക്കുന്നതിനും മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ക്കും വേദിയാവുകയും സമൂഹത്തിന്റെ ശാസ്ത്ര-സാഹിത്യ-കലാ സംരംഭങ്ങള്‍ക്ക് കരുത്തുപകരുന്നതുമാവണം കേന്ദ്രമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
ശരിയായ ശിക്ഷണം ലോകത്തിന് നന്മയും മനുഷ്യ പുരോഗതിയും കൊണ്ടുവരും. സംസ്‌കാരങ്ങളെ മാനിക്കുകയും മനുഷ്യ വിഭാഗങ്ങള്‍ക്ക് പുതു ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായ വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലു കോളജുകളാണ് പ്രഥമ ഘട്ടത്തില്‍ ഖാസിമിയ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുക. ശരീഅ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ്, എക്കണോമിക്‌സ് എന്നിവ പ്രധാന പാഠ്യവിഷയങ്ങളാവും. 45 രാജ്യങ്ങളില്‍ നിന്നുള്ള 250 ഓളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നേടിയിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,500 ദിര്‍ഹം സ്റ്റൈപന്റ് നല്‍കുന്നുണ്ട്.