Connect with us

Gulf

ഹാഫിലാത്ത് കാര്‍ഡ് മെയ് പകുതിയോടെ പ്രാബല്യത്തിലാകും

Published

|

Last Updated

അബുദാബി: ബസ് യാത്രക്കാര്‍ക്കുള്ള ഹാഫിലാത് കാര്‍ഡ് അടുത്തമാസം പകുതിയോടെ പ്രാബല്യത്തില്‍വരുമെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ടേഷന്‍ (ഡോട്ട്) അധികൃതര്‍ അറിയിച്ചു.
അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊതുഗതാഗത സൗകര്യത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന ബസുകളിലെ യാത്രാനിരക്ക് അടക്കാന്‍ ഡോട്ട് അധികൃതര്‍ പുറത്തിറക്കുന്ന സ്മാര്‍ട് പേ കാര്‍ഡാണ് ഹാഫിലാത്. ഡോട്ടിന്റെ ആസ്ഥാനങ്ങളില്‍ നിന്നോ മറ്റു നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നോ വാങ്ങാവുന്ന ഹാഫിലാത് കാര്‍ഡിന്റെ കുറഞ്ഞ നിരക്ക് അഞ്ച് ദിര്‍ഹമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബസില്‍ കയറുന്ന സമയം വാതിലിനടുത്ത് സ്ഥാപിച്ച പെയ്‌മെന്റ് മെഷീനില്‍ ഹാഫിലാത് കാര്‍ഡ് ഉരസുന്നതോടെ യാത്ര ഔദ്യോഗികമായി രേഖപ്പെടുത്തും. യാത്ര അവസാനിക്കുന്ന സ്ഥലത്തെത്തി ബസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാര്‍ഡ് വീണ്ടും മെഷീനില്‍ ഉരസുന്നതോടെ യാത്രാകൂലി കാര്‍ഡില്‍ നിന്നും കുറയും, ഇതായിരിക്കും ഹാഫിലാതിന്റെ പ്രവര്‍ത്തന രീതി. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പബ്ലിക് ബസുകളില്‍ പെയ്‌മെന്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്‍ഡ് പെയ്‌മെന്റ് പ്രാബല്യത്തിലാവുക അടുത്തമാസം 15 മുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ നഗരത്തിനുള്ളിലെ യാത്രാനിരക്കായ രണ്ടുദിര്‍ഹം ബസുകളില്‍ സ്ഥാപിച്ച പെട്ടിയില്‍ നേരിട്ട് പണമായി നിക്ഷേപിച്ചാണ് പൊതുജനങ്ങള്‍ യാത്ര ചെയ്യുന്നത്. ഉജ്‌റ എന്ന പേരില്‍ പ്രത്യേകം പ്രീപെയ്ഡ് കാര്‍ഡും ഉപയോഗിക്കുന്നുണ്ട്. നിലവിലുള്ള ഈ രണ്ട് രീതികളും ഈ വര്‍ഷാവസാനം വരെ അനുവദിക്കുമെന്നും ഡോട്ട് അധികൃതര്‍ അറിയിച്ചു. പല ഉജ്‌റ കാര്‍ഡുകളുടെയും കാലാവധി വര്‍ഷാവസാനം വരെയുണ്ടെന്നതാണിതിനു കാരണം. അതിനിടെ, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് അടുത്തവര്‍ഷം ആദ്യം മുതലാണ് ഹാഫിലാത് പ്രാബല്യത്തിലാവുകയെന്നും ഡോട്ട് അധികൃതര്‍ വ്യക്തമാക്കി.

Latest