മൂന്നാഴ്ചക്കിടെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് മൂന്നു ശതമാനത്തോളം

Posted on: April 27, 2015 7:42 pm | Last updated: April 27, 2015 at 7:42 pm

rupeeദുബൈ: കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം മൂന്നു ശതമാനത്തോളം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് മൂന്നാം തിയ്യതി 16 രൂപ 85 പൈസയായിരുന്നതാണ് 24 (വെള്ളി) 17.36 ആയി വീണ്ടും ഇടിഞ്ഞത്. ഇന്നലെ 17.23 രൂപയായിരുന്നു. ഈ വര്‍ഷം ജനുവരി 28നായിരുന്നു ഡോളറുമായി രൂപ ഏറ്റവും കരുത്തുറ്റ നിലയില്‍ നിന്നത്. അന്ന് ദിര്‍ഹത്തിന് 16.68 രൂപയായിരുന്നു. ആ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപക്ക് ഉണ്ടായിരുന്ന ഇടിവ് നാലു ശതമാനംവരും.

ഡോളറിന് 65 രൂപ വേണ്ട സ്ഥിതിയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്ന് ഡിസംബര്‍ അവസാനം സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആ അവസ്ഥയില്‍ എത്തിയാല്‍ ഒരു ദിര്‍ഹത്തിന് 17.70 രൂപ എന്ന സ്ഥിതിയിലേക്കാവും മൂല്യം ഇടിഞ്ഞുതാഴുക. ഇപ്പോഴത്തെ അസ്ഥിരത രൂപയുടെ കാര്യത്തില്‍ തുടര്‍ന്നാല്‍ അടുത്ത എട്ടുമാസത്തിനുള്ളില്‍ രൂപക്ക് ഡോളറുമായി രണ്ടു ശതമാനത്തോളം വീണ്ടും ഇടിവുണ്ടായേക്കുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
ഡോളറിന് 75 രൂപയോ 80 രൂപയോ ആവുന്നിടത്തേക്ക് മൂല്യത്തിലുള്ള ഇടിവ് നീങ്ങിയേക്കുമെന്നാണ് കരുതുന്നതെന്ന് എക്‌സ്പ്രസ് മണി സി ഒ ഒ സുദേഷ് ഗിരിയന്‍ അഭിപ്രായപ്പെട്ടു. ആ അവസ്ഥയില്‍ എത്തിയാല്‍ ഒരു ദിര്‍ഹത്തിന് 20.42 രൂപയോ 21.78 രൂപയോ വേണ്ടിവരുന്ന സ്ഥിതിയാവും.
2013 സെപ്തംബറിലാണ് രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന് സാക്ഷിയായത്. ഒരു ദിര്‍ഹത്തിന് 18.55 രൂപയായിരുന്നു. ഒരു ഡോളറിന് അന്ന് 68.15 രൂപ വേണ്ടുന്ന സ്ഥിതിയായിരുന്നു. റിസര്‍വ് ബേങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചാര്‍ജ് എടുക്കുന്നതിന്റെ തലേ ദിവസത്തെ അവസ്ഥയായിരുന്നു അതെന്നും ഗിരിയന്‍ ഓര്‍മിപ്പിച്ചു.
പല പ്രവാസികളും ബേങ്കില്‍ നിന്നും പണം വായ്പ എടുത്തുവരെ മൂല്യമിടിവിന്റെ പ്രയോജനം ലഭിക്കാന്‍ നാട്ടിലേക്ക് പണം അയച്ചിരുന്നു. ഇതിലൂടെ 2013ന്റെ മൂന്നാം പാദത്തിലും നാലാം പാദത്തിലും ഇന്ത്യയുള്‍പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്ന പണം റെക്കാര്‍ഡിലേക്ക് എത്തിയിരുന്നു. 2014ല്‍ 7000.38 കോടി രൂപയായിരുന്നു വിദേശത്തുള്ള ഇന്ത്യക്കാര്‍ മാതൃരാജ്യത്തേക്ക് അയച്ചത്. 2013ല്‍ ഇത് 6900.97 കോടി രൂപയായിരുന്നുവെന്നും സുദേഷ് ഗിരിയന്‍ വിശദീകരിച്ചു.