Connect with us

Kozhikode

സുഗന്ധവിളയില്‍ പരീക്ഷണവുമായി ജോര്‍ജ്

Published

|

Last Updated

താമരശ്ശേരി: പരീക്ഷണങ്ങളിലൂടെ കാര്‍ഷിക രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് ആനക്കാംപൊയിലിലെ വാഴേപറമ്പില്‍ ജോര്‍ജ്. സുഗന്ധ വിളയായ ജാതിയുടെ പേരില്‍ പ്രശസ്തനായ ജോര്‍ജ് വികസിപ്പിച്ചെടുത്ത മലബാര്‍ശ്രീ ജാതിയുടെ രാജാവാണ്. വിവിധയിനം കുരുമുളക് തൈകളും ഹൈടെക് പോളി ഫാമിലും അല്ലാതെയുമായി പച്ചക്കറി നട്ടുവളര്‍ത്തുകയാണ് മലബാര്‍ ശ്രീയായ ജോര്‍ജ്.
സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം അടിയോളം ഉയരത്തിലുള്ള ആനക്കാംപൊയില്‍ കരിമ്പിലാണ് ജോര്‍ജിന്റെ സാമ്രാജ്യം. കുരുമുളക,് തെങ്ങ,് കവിങ്ങ് എന്നിവ വിവിധ രോഗങ്ങള്‍ ബാധിച്ച് നശിച്ചതോടെയാണ് ജാതിയില്‍ അഭയം തേടിയത്. ഏത് കാലാവസ്ഥക്കും അനുയോജ്യമായ ജാതിയെ കുറിച്ചുള്ള ചിന്തയാണ് മലബാര്‍ ശ്രീയില്‍ എത്തിച്ചത്. അഞ്ച് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച നഴ്‌സറിയില്‍ ഇപ്പോള്‍ അയ്യായിരത്തിലേറെ തൈകള്‍ വിതരണത്തിനായി സൂക്ഷിക്കുന്നുണ്ട്. പൂത്തുലഞ്ഞ് നില്‍ക്കുന്ന അഞ്ഞൂറോളം ജാതി മരങ്ങളില്‍ തിരഞ്ഞെടുത്ത മരങ്ങളില്‍ നിന്നും ശിഖരങ്ങള്‍ ശേഖരിച്ചാണ് തൈകള്‍ ബഡ് ചെയ്യുന്നത്. പാരമ്പര്യ ശാസ്ത്രീയ രീതികള്‍ സമന്വയിപ്പിച്ചാണ് മലബാര്‍ ശ്രീ വികസിപ്പിച്ചെടുത്തത്.
എട്ടിനം കുരുമുളക് തൈകള്‍ ജോര്‍ജിന്റെ നഴ്‌സറിയില്‍ തയ്യാറാക്കുന്നുണ്ട്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് മികച്ചയിനം കുരുമുളക് തൈകള്‍ വളര്‍ത്തുന്നത്. 400 സ്‌ക്വയര്‍ മീറ്ററില്‍ ജോര്‍ജ് സ്ഥാപിച്ച ഹൈടെക് പോളി ഹൗസില്‍ വിവിധയിനം പച്ചക്കറികളാണ് വിളയിച്ചെടുത്തത്.
പയര്‍, കക്കിരി, കാപ്‌സികം, ചീര, വെണ്ട, കോളിഫഌവര്‍ എന്നിവയെല്ലാം ഇവിടെ നട്ടുവളര്‍ത്തുന്നു. നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ ജോര്‍ജിനെ തേടിയെത്തിയിട്ടുണ്ട്. ജാതിയില്‍ വിപ്ലവം സൃഷ്ടിച്ച മലബാര്‍ ശ്രീക്ക് പാറ്റന്റ് നേടിയെടുക്കലാണ് അടുത്ത ലക്ഷ്യം.

Latest