നേപ്പാളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ തുടരുന്നു

Posted on: April 27, 2015 4:51 am | Last updated: April 26, 2015 at 11:53 pm

Copy of 20150426190649ന്യൂഡല്‍ഹി: ദുരന്തബാധിത പ്രദേശമായ നേപ്പാളില്‍ നിന്ന് ഇതുവരെയായി 550 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. പത്ത് ഇന്ത്യന്‍ വിമാനങ്ങളും 12 ഹെലികോപ്റ്ററുകളുമാണ് നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 550 യാത്രക്കാരുമായി നാല് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ഡല്‍ഹിയിലെത്തി. ഇതില്‍ നാല് പിഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പെടും. അതേസമയം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത് ആറ് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ത്യന്‍ സൈന്യം ഓപറേഷന്‍ മൈത്രി എന്നു പേരിട്ടാണ് രക്ഷാപ്രവര്‍ത്തന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ശനിയാഴ്ച 40 അംഗ ദുരന്തനിവാരണ സേനയെ നേപ്പാളിലത്തെിച്ച ഇന്ത്യ പിന്നീട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) ആറ് വിദഗ്ധ സംഘത്തെ കാഠ്മണ്ഡുവിലേക്ക് അയച്ചു. നേപ്പാള്‍ അതിര്‍ത്തിയോടടുത്തുള്ള സംസ്ഥാനങ്ങളായ ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രകമ്പനം ഉണ്ടായത്. ഇവിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നിട്ടുണ്ട്. 240 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 11 പേര്‍ മരിക്കുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ രണ്ട് പേരും മരിച്ചു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഭൂചലനമുണ്ടായ പ്രദേശങ്ങളിലേക്ക് അടിയന്തരമായി മെഡിക്കല്‍ സ്റ്റാഫുള്‍പ്പെടെയുള്ളവരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേപ്പാളില്‍ നിന്ന് തിരിച്ചു വരുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ അതിര്‍ത്തിയില്‍ മെഡിക്കല്‍, ഭക്ഷണ സംവിധാനങ്ങളുമായി 2,900 സശാസ്ത്ര സീമാ ബല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് സഹായമാകാന്‍ സേന 1903 ടോള്‍ ഫ്രീ നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ, നേപ്പാള്‍ അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ 30 മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏത് സമയത്തും ഏത് തരത്തിലുള്ള സഹായവും നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എസ് എസ് ബി മേധാവി ബി ഡി ശര്‍മ ഇക്കാര്യം വ്യക്തമാക്കി.അതേസമയം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത സംഘം നേപ്പാളിലേക്കു തിരിച്ചു.
നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് റോഡുമാര്‍ഗമുള്ള രക്ഷാ പ്രവര്‍നത്തനവും ആരംഭിച്ചിട്ടുണ്ട്.