പുതിയ സഖ്യ സര്‍ക്കാര്‍ രൂപവത്കരണത്തിന് നെതന്യാഹു നീക്കം തുടങ്ങി

Posted on: April 26, 2015 11:45 pm | Last updated: April 26, 2015 at 11:45 pm

nethanyahuജറൂസലം : വിദേശകാര്യ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ദേശീയ ജൂത പാര്‍ട്ടി ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ സഖ്യ സര്‍ക്കാര്‍ രൂപവത്കരണത്തിന് അടുത്തെത്തി. മാര്‍ച്ച് 17ന് നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അപ്രതീക്ഷിത വിജയം കൈവരിച്ചിരുന്നു. മെയ് ആറിന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടതുണ്ടായിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ രൂപവത്കരണത്തിന് 14 ദിവസത്തെ സമയംകൂടി ലഭിച്ചിട്ടുണ്ട്. ഒരുമാസം നീണ്ടു നിന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലും നെതന്യാഹുവിന് സഖ്യം രൂപവത്കരിക്കനായില്ല. ആറ് വലത്പക്ഷ മതപാര്‍ട്ടികള്‍ക്കായി മൊത്തം സീറ്റായ 120ല്‍ 67 സീറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തികകാര്യ മന്ത്രിയും ജൂത നേതാവുമായ നഫ്റ്റാലി ബെന്നറ്റ് വിദേശകാര്യ വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ദേശീയവാദികളായ യിസ്‌റില്‍ ബീറ്റിനുയുടെ നേതാവ് അവിഗ്‌ദോര്‍ ലീബെര്‍മാന്‍ വകുപ്പ് കൈയടക്കിയ സാഹചര്യത്തില്‍ ബെന്നറ്റ് വിദ്യഭ്യാസ വകുപ്പില്‍ കണ്ണ് വെച്ചിട്ടുണ്ട്. ദേശീയ മത ഭരണഘടനയെ പ്രതിനിധീകരിക്കുന്ന ബെന്നറ്റിന്റെ പാര്‍ട്ടിക്ക് വിദ്യാഭ്യാസം സുപ്രധാന വകുപ്പാണ്. ഇക്കാര്യത്തില്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കകം നെതന്യാഹു തീരുമാനമെടുക്കും. ബെന്നറ്റിന്റെ തീരുമാനം പാര്‍ട്ടിക്ക് മൂന്ന് വകുപ്പുകള്‍ ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ദേശീയ ജൂത പാര്‍ട്ടിക്ക് വിദ്യാഭ്യാസ വകുപ്പിന് പുറമെ ക്യഷി, സാംസ്‌കാരികം എന്നീ വകുപ്പുകള്‍കൂടി ലഭിക്കുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം 11 സീറ്റുകളില്‍നിന്നും ആറ് സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ലീബെര്‍മാന്റെ പാര്‍ട്ടിക്ക് വിദേശകാര്യ മന്ത്രിസ്ഥാനത്തില്‍ തൃപ്തിപ്പെടേണ്ടിവരും. 30 സീറ്റ് ലഭിച്ച തന്റെ ലികുഡ് പാര്‍ട്ടിക്കൊപ്പം ദേശീയ ജൂത പാര്‍ട്ടി, യിസ്‌റില്‍ ബീറ്റിനു എന്നിവര്‍ക്ക് പുറമെ മറ്റ് ചെറു കക്ഷികളെയും ഉള്‍പ്പെടുത്തി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്.