Connect with us

Kerala

ഫലം പുനഃപ്രസിദ്ധീകരിച്ചു; വിജയശതമാനത്തില്‍ വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം തെറ്റുകള്‍ തിരുത്തി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ വിജയശതമാനം സര്‍വകാല റെക്കാര്‍ഡിട്ടു. 98.57 ശതമാനമാണ് പുതിയ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 95.47 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു. 0.58 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോഴുണ്ടായത്. ഇതോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 4,61,542 ആയി ഉയര്‍ന്നു. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,58,841 പേരായിരുന്നു ഉപരി പഠനത്തിന് യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ കണക്കുകളില്‍ മാറ്റമില്ല. 41.91 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്.

ജില്ലകളുടെ വിജയശതമാനത്തിലും വ്യത്യാസം വന്നിട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. 99.38 ശതമാനം. പാലക്കാടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 97.16 ശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പുതിയതായി 3,143 പേര്‍ക്ക് കൂടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതോടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 15,430 ആയി.
നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 1501ല്‍ നിന്ന് 1668 ആയി ഉയര്‍ന്നു. വിവിധ ജില്ലകളിലെ പുതിയ വിജയ ശതമാനം: തിരുവനന്തപുരം- 97.51, കൊല്ലം- 98.17, പത്തനംതിട്ട- 99.36, ആലപ്പുഴ- 99.07, കോട്ടയം- 99.38, ഇടുക്കി- 98.77, എറണാകുളം- 99.06, തൃശൂര്‍- 99, പാലക്കാട്- 97.16, മലപ്പുറം- 98.3, കോഴിക്കോട്- 99.38, വയനാട്- 98.11, കണ്ണൂര്‍- 99.32, കാസര്‍കോട്- 98.43. പുതുക്കിയ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പി ആര്‍ ഡി, എന്‍ ഐ സി, ഐ ടി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. അതേസമയം, ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷാഭവന്റെ വെബ്‌സൈറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായത് വിദ്യാര്‍ഥികളെ വലച്ചു. പുനഃപ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റില്‍ ഫലം ലഭ്യമായത്.
അതേസമയം, ഗ്രേസ് മാര്‍ക്ക് ചേര്‍ത്തപ്പോഴുണ്ടായ സാങ്കേതിക തകരാറാണ് നേരത്തെയുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അടിസ്ഥാന വിവരങ്ങളില്‍ യാതൊരു തെറ്റും കണ്ടെത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് സെര്‍വറില്‍ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകളില്‍ ചുരുക്കം ചിലതിലേ പിഴവുകള്‍ ഉണ്ടായിട്ടുള്ളൂ. ഫലപ്രഖ്യാപനത്തില്‍ തെറ്റുവരാന്‍ കാരണം എന്‍ ഐ സി വികസിപ്പിച്ച സോഫ്റ്റ്‌വെയറിലെ പ്രശ്‌നമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ആയിരക്കണക്കിന് മാര്‍ക്ക് ലിസ്റ്റുകളിലേക്ക് പിഴവ് വ്യാപിച്ചത്. ഫലം പുനഃപ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടായേക്കും.
തെറ്റുകള്‍ തിരുത്തിയുള്ള പരീക്ഷാ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകാത്തതിനാലാണ് ഫലപ്രഖ്യാപനം ഇന്നലത്തേക്ക് മാറ്റിയത്. ഒരുവട്ടം കൂടി സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് ഫലം പുനഃപ്രസിദ്ധീകരിച്ചത്.