ബാര്‍ കോഴ: എഫ് ഐ ആര്‍ വന്നാല്‍ രാജിയെന്ന് ബാബു

Posted on: April 24, 2015 2:25 pm | Last updated: April 24, 2015 at 11:20 pm

babuതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴി സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന വാദവുമായി നേതൃമാറ്റം ലക്ഷ്യമിട്ട് ഐ ഗ്രൂപ്പ് കരുനീക്കം തുടങ്ങിയതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കാന്‍ എ ഗ്രൂപ്പും തീരുമാനിച്ചു. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മന്ത്രിപദം ഒഴിയുമെന്നുമാണ് എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ഭീഷണി. ഇക്കാര്യം മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും അദ്ദേഹം അറിയിച്ചു. അഴിമതിയുടെ പുകമറ സൃഷ്ടിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബാബുവിനെതിരായ ആരോപണത്തിന് പിന്നിലെന്നാണ് എ ഗ്രൂപ്പിന്റെ വാദം.
ഇത് മനസ്സിലാക്കിയാണ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും സമ്മര്‍ദത്തിലാക്കി കൊണ്ടുള്ള ബാബുവിന്റെ നീക്കവും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ നേരത്തെ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ബിജുരമേശിന്റെ മൊഴി മന്ത്രി ബാബുവിനെ മാത്രം ലക്ഷ്യമിട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എ ഗ്രൂപ്പ് നിലപാട്.
ബാബുവിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടി പ്രതിസന്ധിയിലാക്കി കൊണ്ടാണ് നീക്കം. ബാബു രാജിവെച്ചാല്‍ സമാന കേസില്‍ എഫ് ഐ ആര്‍ വന്നിട്ടും മന്ത്രിപദത്തില്‍ തുടരുന്ന കെ എം മാണിയാകും കൂടുതല്‍ വെട്ടിലാകുക. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താനെന്ന പ്രതികരണത്തിലൂടെ ബാബു ലക്ഷ്യമിടുന്നതും മാണിയെയാണ്. ബാബുവിനെതിരെ കേസെടുക്കാത്തതിനെതിരെ കേരളാ കോണ്‍ഗ്രസ് എം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിജിലന്‍സിന്റെ അടുത്ത നടപടിയെന്താകുമെന്ന് കാത്തിരിക്കുകയാണ് എ ഗ്രൂപ്പും മന്ത്രി ബാബുവും. മന്ത്രിപദം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച ബാബുവിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് വിവരം.
ബാര്‍ കോഴ കേസില്‍ കൂടുതല്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കെ ബാബുവിന് പുറമെ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ബാറുടമകളുടെ ശബ്ദരേഖ അടിസ്ഥാനമാക്കി പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചപ്പോഴും ഈ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നതാണ്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ബിജു രമേശ് തന്നെ മാത്രം ലക്ഷ്യമിട്ടത് ഗ്രൂപ്പ് തിരിഞ്ഞുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബാബുവിന്റെ നിലപാട്. ബാര്‍ കോഴ കേസില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ നിലപാട് സ്വീകരിച്ചതെല്ലാം ആഭ്യന്തര വകുപ്പാണെന്നും അതിന്റെ തുടര്‍ച്ചയായുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നും എ ഗ്രൂപ്പ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ശക്തമായി തിരിച്ചടിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന സാഹചര്യമുണ്ടായാല്‍ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി സ്ഥാനമൊഴിയാനാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം, ഈ നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഐ ഗ്രൂപ്പ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ അതേ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ പോക്ക് പോയാല്‍ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം.
കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടതോടെ അനുനയ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആരോപണത്തിന്റെ പേരില്‍ ബാബു രാജിവെക്കേണ്ട സാഹചര്യമില്ലെന്ന കെ സുധാകരന്റെ നിലപാട് ഇതിന്റെ ഭാഗമാണ്. ഐ ഗ്രൂപ്പിന്റെ വക്താവും രമേശിന്റെ വിശ്വസ്തനുമാണ് സുധാകരന്‍. അതേസമയം, കോഴ ആരോപണങ്ങള്‍ക്ക് തെളിവ് ലഭിക്കുന്ന പക്ഷം ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മന്ത്രിമാരാണെന്നു കരുതി നടപടി എടുക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.