യു എ ഇ എക്‌സ്‌ചേഞ്ച് ബേങ്ക് ഓഫ് ബറോഡയുമായി കൈകാര്‍ക്കുന്നു

Posted on: April 24, 2015 2:07 pm | Last updated: April 24, 2015 at 2:12 pm
UAE Exchange Bank of Baroda FLASHremit
യു എ ഇ എക്‌സ്‌ചേഞ്ച് ഫഌഷ് റെമിറ്റന്‍സുമായി ബന്ധപ്പെട്ട് ബേങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ത്തപ്പോള്‍

ദുബൈ: ജി സി സി മേഖലയിലെ മികച്ച ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് ഫഌഷ് റെമിറ്റന്‍സുമായി ബന്ധപ്പെട്ട് ബേങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ബേങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ക്കുന്നതോടെ കൂടുതല്‍ പട്ടണങ്ങളില്‍ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഫഌഷ് റെമിറ്റന്‍സ് സംവിധാനത്തിലൂടെ പണം കൈപറ്റാന്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് സാധിക്കും. ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച സേവനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് എം ഡിയും സി ഇ ഒയുമായ ഡോ. ബി ആര്‍ ഷെട്ടി വ്യക്തമാക്കി. പുതിയ തലങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ബേങ്ക് ഓഫ് ബറോഡയുമായുള്ള സഹകരണം. ബേങ്ക് ഓഫ് ബറോഡയുടെ ഇന്ത്യയിലെ ഏത് ശാഖയിലുള്ള എക്കൗണ്ടിലേക്കും പ്രവാസികളായ ഉപഭോക്താക്കള്‍ക്ക് പണം അയക്കാന്‍ സാധിക്കുമെന്നും ആശ്രിതര്‍ക്ക് മിനുട്ടുകള്‍ക്കകം നിശ്ചിത ശാഖയില്‍ നിന്നു പണം ലഭിക്കാനും പുതിയ സഹകരണത്തിലൂടെ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
79 ലക്ഷം ഉപഭോക്താക്കളാണ് യു എ ഇ എക്‌സ്‌ചേഞ്ചിനുള്ളത്. 32 രാജ്യങ്ങളിലായി 750 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പണം അയക്കാനുള്ള റെമിറ്റന്‍സ് ശൃംഖലയാണിത്. 150 രാജ്യാന്തര ബേങ്കുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 9,000 പ്രൊഫഷണലുകള്‍ യു എ ഇ എക്‌സ്‌ചേഞ്ചിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബി ആര്‍ ഷെട്ടി വെളിപ്പെടുത്തി. സി ഒ ഒ. വൈ സുധീര്‍ കുമാര്‍ ഷെട്ടി, വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട്ട്, ബേങ്ക് ഓഫ് ബറോഡ എം ഡിയും സി ഇ ഒയുമായ രഞ്ജന്‍ ധവാന്‍ പങ്കെടുത്തു.