റെസ്‌പോണ്‍സിബ്ള്‍ ബിസിനസ് അവാര്‍ഡ്‌സ് 2015; ചുരുക്കപ്പട്ടികയില്‍ കെഫ് ഹോള്‍ഡിംഗ്‌സ്

Posted on: April 24, 2015 2:00 pm | Last updated: April 24, 2015 at 2:01 pm

ദുബൈ: ഓഫ്‌സൈറ്റ് കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യാരംഗത്ത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ കെഫ് ഹോള്‍ഡിംഗ്‌സ്, യുകെയില്‍ നിന്നുള്ള പ്രശസ്തമായ ചാരിറ്റി സംഘടനയായ ബിസിനസ് ഇന്‍ കമ്മ്യൂണിറ്റി നല്‍കുന്ന റെസ്‌പോണ്‍സിബ്ള്‍ ബിസിനസ് അവാര്‍ഡസ് 2015-ന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. യുകെയിലും വിദേശങ്ങളിലും ഉത്തരവാദിത്തത്തോടെ ബിസിനസിലേര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന അംഗീകാരങ്ങളിലെ ഏറ്റവും വിശ്വസ്തവും പ്രമുഖവുമായവയാണ് റെസ്‌പോണ്‍സിബ്ള്‍ ബിസിനസ് അവാര്‍ഡുകള്‍.
സാമൂഹികവും പാരിസ്ഥിതികകവുമായ മേഖലകളില്‍ ഗൗരവപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ട് ചുറ്റുമുള്ള സമുദായജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരങ്ങള്‍ നല്‍കിവരുന്നത്. കോഴിക്കോട് നടക്കാവിലെ 120 വര്‍ഷം പഴക്കമുള്ള ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെയാണ് പ്രിസം പദ്ധതിയിലൂടെ കെഫ് ഹോള്‍ഡിംഗ്‌സ് നവീകരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തത്. ഈ വിഭാഗത്തിലെ 12 എന്‍ട്രികളില്‍ ഒന്നാണ് കെഫ് ഹോള്‍ഡിംഗ്‌സിന്റേത്.
റെസ്‌പോണ്‍സിബ്ള്‍ ബിസിനസ് അവാര്‍ഡ്‌സ് 2015-ന്റെ ചുരുക്കപ്പട്ടികയില്‍ ഇടം കണ്ടെത്താനായതില്‍ അഭിമാനമുണ്ടെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപക ചെയര്‍മാന്‍ ഫൈസല്‍ എം. കൊട്ടിക്കൊള്ളോന്‍ പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം സാമൂഹിക വികസനവും ഭാവിതലമുറയുടെ സുരക്ഷയും സാക്ഷാത്കരിക്കാനുള്ള അസുലഭ അവസരമാണ് പ്രിസം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിനെ നന്മയുടെ ശക്തമായ ഒരു ഉറവിടമായി ഉയര്‍ത്തിക്കാണിക്കുകയാണ് റെസ്‌പോണ്‍സിബ്ള്‍ ബിസിനസ് വാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് ഇന്‍ കമ്യൂണിറ്റി ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീഫന്‍ ഹോവാഡ് പറഞ്ഞു. അവാര്‍ഡ് ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനം 2015 ജൂണ്‍ 2-ന് നടക്കും.
ബിസിനസ് ഇന്‍ ദി കമ്മ്യൂണിറ്റിയുടെ വാര്‍ഷിക റെസ്‌പോള്‍സിബ്ള്‍ ബിസിനസ് ഗലാ ഡിന്നറില്‍ ജൂലൈ 7-നായിരിക്കും അന്തിമ വിജയികളെ പ്രഖ്യാപിക്കുക.