Connect with us

Gulf

ബിസിനസ്സ് സമൂഹത്തോട് എക്‌സ്‌പോ 2020ന്റെ ഭാഗമാവാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

Published

|

Last Updated

എക്‌സ്‌പോ 2020 സംബന്ധിച്ച് നടത്തിയ ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലിയുമായി സംസാരിക്കുന്നു

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമാവാന്‍ ലോക ബിസിനസ് സമൂഹത്തോട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആഹ്വാനം. രാജ്യത്തുള്ള വ്യാവസായികളോടും വ്യാപാരികളോടും ലോക വ്യാവസായിക-വാണിജ്യ മേളയായ എക്‌സ്‌പോ 2020 യില്‍ ക്രിയാത്മകമായി പങ്കാളികളാവാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. എക്‌സ്‌പോ 2020ന് വേദിയാവുന്ന ജബല്‍ അലിയിലെ പ്രദേശത്ത് സജ്ജമാക്കിയ പവലിയനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കളായി എത്തിയ മുന്നൂറോളം വ്യാവസായിക പ്രമുഖരോടായിരുന്നു ശൈഖ് മുഹമ്മദിന്റെ ആഹ്വാനം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചടങ്ങില്‍ പങ്കെടുത്തു.
ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 വിജയിപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ പങ്കുവെക്കാനും ലോകത്തെ മുഴുവന്‍ ക്ഷണിക്കാനുമായാണ് ഈ അവസരത്തെ കാണുന്നതെന്ന് ശൈഖ് മുഹമ്മദ് പ്രസംഗത്തിനിടെ ഓര്‍മിപ്പിച്ചു. യു എ ഇ ജനത കാത്തിരിക്കുന്ന വാണിജ്യ മാമാങ്കമായ ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് 3,000 കോടി ദിര്‍ഹത്തിലേറെയാണ് ദുബൈ ഗവണ്‍മെന്റ് മുതല്‍മുടക്കുന്നത്. റോഡുകള്‍ ഉള്‍പെടെ അടിസ്ഥാനസൗകര്യ വികസനത്തിനായാണ് ഇതില്‍ വലിയ പങ്കും ഉപയോഗിക്കുന്നത്. എക്‌സ്‌പോ നഗരിയുമായുള്ള മെട്രോ പാത നിര്‍മാണവും ഇതില്‍ ഉള്‍പെടും. ഓരോ വര്‍ഷവും ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.5 ശതമാനം എക്‌സ്‌പോ കാരണം മാത്രം ഉണ്ടാകും. 2020 ല്‍ ഇത് രണ്ട് ശതമാനമായിരിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത ഏഴ് വര്‍ഷം കൊണ്ട് 2.78 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.
എക്‌സ്‌പോ 2020 ഉന്നതതല കമ്മിറ്റിയുടെ മാനേജിങ് ഡയറക്ടറും മന്ത്രിയുമായ റീം അല്‍ ഹാഷിമി എക്‌സ്‌പോയുടെ കാര്യങ്ങള്‍ വിശദീകരിച്ചു. ദുബൈ ഭരണരംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങിലെത്തിയിരുന്നു. ലുലു എം ഡി. എം എ യൂസുഫലിയും ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോക്ക് സാക്ഷിയാവാന്‍ 2.5 കോടി ജനങ്ങളാവും ദുബൈയിലേക്ക് എത്തുക. ആറു മാസം നീളുന്നതാണ് ഈ മഹാമേള. ലോകത്തിന്റെ കണ്ണും കാതുമെല്ലാം ദുബൈയില്‍ വട്ടമിടുന്ന കാലമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു എ ഇ രൂപീകൃതമായതിന്റെ 50-ാം വര്‍ഷികത്തിലാണ് ദുബൈയിലേക്ക് എക്‌സ്‌പോ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ററാക്ടീവ് എക്‌സ്പീരിയന്‍ഷ്യല്‍ സോണ്‍, ആര്‍ട് ഷോ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ മുന്നോടിയായി ഒരുക്കുന്നുണ്ട്. ദുബൈ വേള്‍ഡ് എകസ്‌പോക്കായി പ്രത്യേക ലോഗോ തയ്യാറാക്കല്‍ മത്സരവും നടത്തുന്നുണ്ട്.

 

Latest