Connect with us

Malappuram

ഏറനാട് മണ്ഡലത്തിലെ 90 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍

Published

|

Last Updated

അരീക്കോട്: ഏറനാട് മണ്ഡലം എം എല്‍ എ. പി കെ ബഷീര്‍ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മണ്ഡലത്തിലെ 90 അംഗപരിമിതര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ അനുവദിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരുരൂപ പോലും ചെലവഴിക്കാതെ പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണ് മുച്ചക്ര സ്‌കൂട്ടറുകള്‍ സംഘടിപ്പിച്ച് നിരാലംബരായ വികലാംഗര്‍ക്ക് നല്‍കിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ച 112 അപേക്ഷകളില്‍ അര്‍ഹരായ എല്ലാവര്‍ക്കും മുച്ചക്രങ്ങള്‍ അനുവദിച്ചതായി എം എല്‍ എ അറിയിച്ചു. വാഹനത്തിന്റെ രേഖകള്‍ ശരിയാക്കിയ ശേഷം മൂന്ന് ദിവസത്തിനകം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.
മൂന്ന് പേര്‍ക്ക് ചാവികള്‍ കൈമാറി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുച്ചക്ര വിതരണം ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിലിണ്‍ഡറിന്റെ സഹായത്തോടെ ജനസമ്പര്‍ക്ക വേദിയിലെത്തിയ വികലാംഗനായ അരീക്കോട് കാരിപറമ്പ് സ്വദേശി കെ പി അബ്ദുല്ല മൗലവിയെ വാഹനത്തിനടുത്ത് ചെന്ന് എം എല്‍ എ അദ്ദേഹത്തിന് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10,000 രൂപ ഇദ്ദേഹത്തിന് ജില്ലാ കലക്ടര്‍ അനുവദിക്കുകയും ചെയ്തു. ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമെത്തിയ കിടപ്പിലായ രോഗികളെയും അംഗപരിമിതരെയും നേരില്‍ ചെന്ന് കണ്ട്ണ്‍ എം എല്‍ എയുടെയും കലക്ടറുടെയും നേതൃത്വത്തിലുള്ള സംഘം അര്‍ഹമായ ധനസഹായം അനുവദിച്ചു.
മുച്ചക്രങ്ങള്‍ കൂടാതെ നിരവധി പേര്‍ക്ക് വീല്‍ ചെയറുകളും 62 പേര്‍ക്ക് ഹിയറിംഗ് എയ്ഡുകളും ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്തു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ സഹായത്തോടെയാണ് കേള്‍വി ഉപകരണങ്ങള്‍ നല്‍കിയത്. സൗദി അറേബ്യയില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബത്തിനായി മക്കയിലെ മലയാളി കൂട്ടായ്മ സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ ഉമ്മ സൈനബ അകമ്പാടത്തിന് ജില്ലാ കലക്ടര്‍ കെ ബിജു കൈമാറി.
പാവപ്പെട്ട 10 പേര്‍ക്ക് വീട് വെക്കാന്‍ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ 50 സെന്റ് സ്ഥലം ഉദാരമതിയായ വ്യക്തി വാഗ്ദാനം ചെയ്തതായി എം എല്‍ എ അറിയിച്ചു. വീട് വെക്കാന്‍ താത്പര്യമുള്ള ഭൂരഹിതരായവര്‍ക്ക് ഇത് കൈമാറാന്‍ നടപടിയെടുക്കും. ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത ജനസമ്പര്‍ക്ക പരിപാടിയില്‍ കുടിവെള്ളം, സംഭാരം, കഞ്ഞി തുടങ്ങിയവ വിവിധ സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു.

---- facebook comment plugin here -----

Latest