Connect with us

Gulf

മോഡേണ്‍ ഹോസ്പിറ്റലില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തു

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭാശയ മുഴകളിലൊന്ന് ഇന്റര്‍ നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. 3.5 കിലോ ഗ്രാം തൂക്കമുള്ള ഗര്‍ഭാശയ മുഴയാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയാ വിദഗ്ധയുമായ ഡോ. നികിത ട്രിഹാന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തതെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി ജെ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
36 വയസുള്ള അവിവാഹിതയായ സ്ത്രീയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭ പാത്രം എടുത്തുകളയാതെ മുഴ നീക്കുന്ന രീതിയാണ് അവലംബിച്ചത്. ഭാവിയില്‍ ഇത്തരം സാധ്യത ഇല്ലാതാക്കാനുള്ള ഗര്‍ഭപാത്രത്തിലേക്കുള്ള രക്തക്കുഴലിനെ കെട്ടിവെക്കല്‍ ശസ്ത്രക്രിയയും ഇവരില്‍ നടത്തിയിട്ടുണ്ട്.
യു എ ഇയില്‍ ഇത്തരം ഗര്‍ഭാശയ മുഴകള്‍ സര്‍വസാധാരണമായി കണ്ടുവരുന്നുണ്ടെന്ന് ഡോ. നികിത വ്യക്തമാക്കി. 99 ഗര്‍ഭാശയ മുഴകളും അര്‍ബുദത്തിന് കാരണമാവില്ല. എന്നാല്‍ സ്ത്രീകളില്‍ ഗര്‍ഭധാരണം ഉള്‍പെടെയുള്ളവക്ക് ഇത് പ്രയാസം സൃഷ്ടിക്കും. ക്ഷീണം, വിളര്‍ച്ച, ഗര്‍ഭം അലസല്‍, തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ ഗര്‍ഭാശയ മുഴയുള്ളവരില്‍ കാണാറുണ്ട്. പലരും കടുത്ത വേദന വരുമ്പോഴാണ് ചികിത്സ തേടാറെന്നും മോഡേണ്‍ ഹോസ്പിറ്റല്‍ ഉള്‍പെട്ട സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് എം ഡി കൂടിയായ ഡോ. നികിത വ്യക്തമാക്കി.
ഗര്‍ഭാശയ മുഴ നീക്കാന്‍ നടത്തുന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയ ചെലവ് കുറഞ്ഞതും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഉതകുന്നതുമാണ്. നൈജീരിയയിലെ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മൂന്നു നാലു ദിവസത്തിനകം ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കും. പരമാവധി രണ്ടാഴ്ചയോളമേ വിശ്രമം വേണ്ടിവരൂ. ഓപ്പണ്‍ സര്‍ജറിയാണെങ്കില്‍ വേദനയും മുറിവ് ഉണങ്ങാനുള്ള സമയവുമെല്ലാം പരിഗണിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. സി ഇ ഒ കിഷന്‍ പാക്കലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest