Connect with us

Kerala

ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരെ അന്വേഷണമില്ല

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയൊരു അന്വേഷണം ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്തും. കെ ബാബുവിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം വേണമെങ്കില്‍ പ്രത്യേക കേസായി എടുത്താല്‍ മതിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കെ എം മാണിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് 164-ാം വകുപ്പ് അനുസരിച്ച് ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഈ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ വല്ലതുമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നലെ തന്നെ അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ഇതിന്മേല്‍ നിയമോപദേശം തേടാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. രഹസ്യമൊഴിക്കൊപ്പം ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ ബാറുടമകളുടെ സംഭാഷണം അടങ്ങിയ സി ഡി ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനും വിജിലന്‍സ് തീരുമാനിച്ചു.
എക്‌സൈസ് മന്ത്രി കെ ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണ് ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പ്രധാനം. ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന മുപ്പത് ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറച്ചതിനാണ് മന്ത്രിക്ക് കോഴ നല്‍കിയതെന്ന് ബിജു ആരോപിക്കുന്നു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ എം മാണി എന്നിവര്‍ക്കും പണം നല്‍കിയതായി ബിജു പറയുന്നു. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ പത്ത് കോടി ഇടപാടെന്നും മൊഴിയിലുണ്ട്.
പുറമെ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പ് നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍, കെ ബാബു പത്ത് കോടി രൂപ വാങ്ങിയെന്ന് ആരോപിക്കുന്നെങ്കിലും എവിടെ വെച്ച് എപ്പോള്‍ നല്‍കിയെന്ന് പറയുന്നില്ല. വി എസ് ശിവകുമാറിനെതിരായ ആരോപണത്തിലും കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അതിനാല്‍ ആ ഭാഗം അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സ് തീരുമാനിച്ചു.
നേരത്തെ രണ്ട് തവണ വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം രേഖപ്പെടുത്തിയ മൊഴി ആ കേസിന്റെ ആവശ്യത്തിനായി ഉപയോഗിക്കാം. നിയമപ്രകാരം കൈമാറിയ കോടതി പുതിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനോ കേസ് എടുക്കാനോ നിര്‍ദേശിച്ചിട്ടുമില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. മാണിക്ക് പണം നല്‍കിയതായി പറയുന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരും മറ്റു രണ്ട് ബാറുടമകളും ബാബു പണം ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതായി ബിജു ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഭാഗമായി അവരുടെ മൊഴി വീണ്ടും എടുക്കും. ബാറുമടകളുടെ യോഗത്തിന്റെ ശബ്ദരേഖ പുറത്തുവന്ന ശേഷം മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നെങ്കിലും ശബ്ദരേഖ വ്യക്തമല്ലെന്ന കാരണം പറഞ്ഞ് ആവശ്യം തള്ളിയിരുന്നു.

Latest