സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടം ഉദ്ഘാടനം ജൂണ്‍ ആദ്യവാരം

Posted on: April 23, 2015 3:49 am | Last updated: April 22, 2015 at 11:51 pm

Smart_City_kochiതിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആദ്യഘട്ടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി യു എ ഇ പ്രധാനമന്ത്രിയെ ക്ഷണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. സ്മാര്‍ട്ട ്‌സിറ്റിയുടെ പുതിയ സി ഇ ഒ ആയി നിയോഗിച്ച ജാബിര്‍ ബിന്‍ ഹഫീസ് കേരളത്തിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ചു തന്നെ മുന്നോട്ടു പോകുകയാണെന്ന് ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജാബിര്‍ ബിന്‍ ഹഫീസും സ്ഥാനമൊഴിഞ്ഞ സി ഇ ഒ അബ്ദുല്ലതീഫ് അല്‍മുല്ലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ദുബൈ സര്‍ക്കാറിന്റെ ‘ദുബൈ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പി’ന്റെ സി ഇ ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അബ്ദുല്ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞത്. സ്മാര്‍ട്ട് സിറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാറിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ജാബിര്‍ ബിന്‍ ഹഫാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയില്‍ 10 കമ്പനികളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പദ്ധതി പൂര്‍ണ സജ്ജമാകുന്നതോടെ 90,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ അയ്യായിരം പേര്‍ക്ക് ജോലികിട്ടും. യു എ ഇയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ടെലികോം കമ്പനിയായ ഇത്തിസാലാത്തിന്റെ രാജ്യാന്തര വ്യാപാരമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ 18 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് ജാബര്‍ അല്‍ ഹഫാസ്.