വീഴ്ചവരുത്തിയ കമ്മീഷനില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി

Posted on: April 22, 2015 5:41 am | Last updated: April 22, 2015 at 12:41 am

തിരുവനന്തപുരം: പോലീസ് പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ ഏകാംഗ കമ്മീഷനില്‍നിന്നു ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ ശിപാര്‍ശ. മുന്‍ ഡി ജി പി പ്രേംശങ്കറിനെയാണ് പോലീസ് നവീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മീഷനായി നിയോഗിച്ചിരുന്നത്. ആറ് ലക്ഷത്തിലധികം രൂപ തിരിച്ചുപിടിക്കേണ്ടിവരുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. അതേസമയം, റിപ്പോര്‍ട്ട് തനിക്ക് ലഭിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഒരു കമ്മീഷന്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിനാല്‍ പണം തിരികെപ്പിടിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ശിപാര്‍ശ നല്‍കുന്നത് ഇതാദ്യമാണ്. പോലീസ് സേനയുടെ പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച് ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. കെ ജി പ്രേംശങ്കറിനെ ഏകാംഗ കമ്മീഷനാക്കി നിയമിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കൈമാറിയില്ല. പലവട്ടം ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ പ്രേംശങ്കര്‍ കൂട്ടാക്കിയില്ല. ഇങ്ങനെ സര്‍ക്കാറിന് നഷ്ടം വരുത്തിയ കമ്മീഷനില്‍നിന്ന് വാങ്ങിയ പണം തിരിച്ചുപിടിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശം.
2012 ആഗസ്റ്റ് 24ന് നിയോഗിച്ച കമ്മീഷന്‍ ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കാലാവധി മൂന്ന് മാസംകൂടി നീട്ടി. ഇതിനിടെ പ്രേംശങ്കര്‍ സര്‍വീസില്‍നിന്നും വിരമിച്ചു. ഇതിനു ശേഷവും കമ്മീഷനെന്ന നിലിയില്‍ മൂന്ന് മാസം കൂടി ഡി ജി പി റാങ്കിലുള്ള ശമ്പളവും ആനുകൂല്യങ്ങളും പ്രേംശങ്കര്‍ കൈപ്പറ്റി. ഫോണ്‍ ബില്ലും സര്‍ക്കാര്‍ വകയായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ കമ്മീഷനുവേണ്ടി പ്രത്യേക ഓഫീസും വാഹനങ്ങളും ജീവനക്കാരും മാത്രമുണ്ടായിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഈ മാസം വീണ്ടും കത്തയച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് വൈകുമെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് പ്രേംശങ്കര്‍ വിമരിച്ചശേഷം സര്‍ക്കാറില്‍നിന്നും ഈടാക്കിയ ശമ്പളവും മറ്റാനുകൂല്യങ്ങളും ഈടാക്കണമെന്നും പഠനത്തിന് മറ്റൊരു സമിതിയെ നിയോഗിക്കണമെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.