Connect with us

International

ഖാലിദ സിയക്കെതിരെ ബംഗ്ലാദേശില്‍ അതിക്രമം

Published

|

Last Updated

ബംഗ്ലാദേശ് : സര്‍ക്കാര്‍ അനുകൂലികള്‍ തങ്ങളുടെ നേതാവ് ഖാലിദ സിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ബംഗ്ലാദേശിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി. ധാക്കയില്‍ മേയര്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്തുകയായിരുന്ന സിയയുടെ കാറിനു നേരെ ജനക്കൂട്ടം വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ആക്രമണത്തില്‍ ഖാലിദ സിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മതിയായ സുരക്ഷയൊരുക്കാത്തതിനാലാണ് അക്രമം നടന്നതെന്ന് ഇവരുടെ അനുയായികള്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തെ അനാവശ്യമായ നാടകമെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി ശേഖ് ഹസീന ഈ മാസം 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘര്‍ഷത്തിന് ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും ആരോപിച്ചു. രണ്ട് തവണ പ്രധാനമന്ത്രിയായിട്ടുള്ള, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായ സിയ അടുത്ത ആഴ്ച നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖാലിദ സിയയുടെ ബുള്ളറ്റ് പ്രൂഫ് കാറിന് നേരെ വെടിയുതിര്‍ത്തെന്നും സംഭവ സമയം അവര്‍ കാറിനകത്തുണ്ടായിരുന്നുവെന്നും സിയയുടെ സുരക്ഷാ സംഘത്തിലെ തലവനും മുന്‍ ജനറലുമായ ഫസല്‍ ഇലാഹി അക്ബര്‍ പറഞ്ഞു. സംഭവം വധശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ അടുത്തുനിന്ന് കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും വാഹനത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിരവധി അംഗരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് പാര്‍ട്ടി പറഞ്ഞു. വീട്ട് തടങ്കലില്‍നിന്ന് മോചിതയായ സിയ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തമായി ഇടപെടുകയാണ്.

Latest