Connect with us

Kerala

നിലപാട് കടുപ്പിച്ച് ജെ ഡി യു; മയപ്പെടുത്തി മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: യു ഡി എഫില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഉറച്ച നിലപാടുമായി ജെ ഡി യു മുന്നോട്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും വരെ മെയ് 19ന് ആരംഭിക്കുന്ന യു ഡി എഫിന്റെ മേഖലാ റാലികളുമായി സഹകരിക്കില്ലെന്ന് ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. മേഖലാ റാലി താന്‍ ഉദഘാടനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജെ ഡി യു ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്നും എല്ലാ പരാതികളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നാല് മേഖലകളിലായി യു ഡി എഫ് നടത്തുന്ന റാലിയുടെ കോഴിക്കോട് മേഖലാ തല ഉദ്ഘാടനം വീരേന്ദ്രകുമാറാണ് ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ ജനതാദള്‍ യുവിനെ നിരന്തരം അവഗണിക്കുന്ന സാഹചര്യത്തില്‍ റാലിയുമായി സഹകരിക്കില്ലെന്ന് വീരന്‍ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ആര്‍ എസ് പിക്ക് നല്‍കുന്ന പരിഗണന പോലും ജെ ഡി യുവിന് ലഭിക്കുന്നില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലാ റാലിയില്‍ ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തപ്പോഴും ജെ ഡി യുവിനെ അവഗണിച്ചുവെന്ന് പരാതിയുണ്ട്. ആര്‍ എസ് പിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയപ്പോള്‍ ജെ ഡി യുവിന് വൈസ്‌ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് നല്‍കിയത്.

എന്നാല്‍ യു ഡി എഫിലെ ഘടകക്ഷികള്‍ക്കിടയില്‍ വലുപ്പച്ചെറുപ്പമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഘടകകക്ഷികളുടെ പരാതികള്‍ സഗൗരവം പരിഗണിക്കും. മുന്നണിയില്‍ നിന്ന് ആരും വിട്ടുപോകില്ല. വീഴാന്‍ സാധ്യതയുള്ള സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ അത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.