ഹൂത്തി ആയുധപ്പുരകള്‍ക്ക് നേരെ വ്യോമാക്രമണം: നടുങ്ങിവിറച്ച് യമന്‍ തലസ്ഥാനം

Posted on: April 21, 2015 5:57 am | Last updated: April 20, 2015 at 11:58 pm

CDBPHHIVIAAlUjQസന്‍ആ: ഹൂത്തികള്‍ക്കെതിരെ നടക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഇന്നലെ 27 പേര്‍ കൊല്ലപ്പെട്ടു. ഹൂത്തി വിമതരുടെ ആയുധ കേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് 27 പേര്‍ കൊല്ലപ്പെട്ടതെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫാജ് അത്തനിലെ കേന്ദ്രത്തിന് നേരെ സ്‌കഡ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിന് ശേഷം കറുത്ത കൂറ്റന്‍ പുകപടലം പ്രദേശത്തെ മൂടിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനടുത്തുള്ള ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ ഒരു ടി വി ചാനലിലെ അവതാരകനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സന്‍ആയില്‍ നടന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ഇതെന്നും പതിനായിരങ്ങള്‍ പ്രദേശത്തുനിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതേസമയം ആയുധ കേന്ദ്രത്തിന് വ്യോമാക്രമണം നടന്നിട്ടില്ലെന്നും ഇപ്പോള്‍ ആക്രമണം നടന്ന പ്രദേശത്തില്‍ നിന്ന് അകലെയാണ് ആയുധ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്നും ചിലര്‍ വ്യക്തമാക്കി. സ്‌ഫോടനം മൂലം നഗരം കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 26നാണ് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം യമനിലെ ഹൂത്തികള്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചിരുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ വീട്ടുതടങ്കലിലാക്കിയും സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയേറിയും ആഭ്യന്തര കുഴപ്പം സൃഷ്ടിച്ച ഹൂത്തികള്‍ അവരുടെ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ വ്യോമാക്രമണം തുടരുന്നത്. ഇതിനകം പതിനായിരക്കണക്കിന് യമനികള്‍ വീടുപേക്ഷിച്ച് പലായനം നടത്തി. സഊദിയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ നിരുപാധികം വിട്ടുനല്‍കി പിന്‍മാറിയാലല്ലാതെ വ്യോമാക്രമണം അവസാനിപ്പിക്കില്ലെന്ന് സഊദിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.