പുനര്‍മൂല്യനിര്‍ണയ അപേക്ഷകള്‍ 24 മുതല്‍ സമര്‍പ്പിക്കാം

Posted on: April 21, 2015 5:48 am | Last updated: April 20, 2015 at 11:48 pm

തിരുവനന്തപുരം: ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 11ന് ആരംഭിക്കും. മെയ് 16 വരെ നീണ്ടു നില്‍ക്കുന്ന പരീക്ഷയുടെ പ്രത്യേക വിജ്ഞാപനം പരീക്ഷാ ഭവന്റെ വെബ് സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ടും 2015 മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് ഈ മാസം 28 മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. സേ പരീക്ഷയുടെ ഫലം മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി, എന്നിവക്കായുള്ള അപേക്ഷകള്‍ 24 മുതല്‍ 28 ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അതോടൊപ്പം അപേക്ഷകയുടെ പ്രിന്റ് ഔട്ടും ഫീസും തങ്ങള്‍ പരീക്ഷ എഴുതിയ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.
സേ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാനത്തോടെ അതാതു ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വിതരണത്തിനായി എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.