ദുബൈ വേള്‍ഡ് എക്‌സ്‌പോ; മിലാനില്‍ മൂന്നു നില പവലിയന്‍ ഉദ്ഘാടനം ചെയ്തു

Posted on: April 20, 2015 7:00 pm | Last updated: April 20, 2015 at 7:55 pm

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ പ്രചരണാര്‍ഥം മിലാനില്‍ മൂന്നു നിലയുള്ള ദുബൈ എക്‌സ്‌പോ പവലിയന്‍ ഉദ്ഘാടനം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യു എ ഇയുടെ പൈതൃകവും പാരമ്പര്യവും സന്ദര്‍ശകരിലേക്ക് എത്തിക്കുന്ന രീതിയിലാണ് പവലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഒക്‌ടോബര്‍ 31 വരെയാണ് മിലാന്‍ എക്‌സ്‌പോ നീണ്ടുനില്‍ക്കുക. യു എ ഇയിലെ കാലാവസ്ഥ, പ്രകൃതി എന്നിവയെക്കുറിച്ചെല്ലാം പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയിലാണ് പവലിയന്റെ നിര്‍മാണം. ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നഗരമായ മിലാന്‍ ഇത് രണ്ടാം തവണയാണ് എക്‌സ്‌പോക്ക് വേദിയാവുന്നത്.
മരുഭൂമിയിലെ മുഖ്യ ആകര്‍ഷണമായ മരുപ്പച്ചയും പവലിയനില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. തെക്കന്‍ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ആന്‍ഡ് എക്‌സ്ബിഷന്‍ ഏജന്‍സിയായ എ ആന്‍ഡ് എ കമ്പനിയാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. നാലു വ്യത്യസ്ഥ മേഖലകളായി തിരിച്ചാണ് പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് എയില്‍ വി ഐ പി മജ്‌ലിസോടുകൂടിയ വീടാണുള്ളത്. ബ്ലോക്ക് ബിയില്‍ ഡ്രം എന്ന പേരില്‍ തീയേറ്റര്‍ സജ്ജീകരിച്ചപ്പോള്‍ സി ബ്ലോക്കില്‍ മരുപ്പച്ചയും ഡബ്ല്യു എന്ന നാലാമത്തെ ബ്ലോക്കില്‍ മലയിടുക്കുമാണ് തയ്യാറാക്കിയിരിക്കുന്നത്.