കാലിഗ്രാഫി പ്രദര്‍ശനം: ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി

Posted on: April 20, 2015 7:36 pm | Last updated: April 20, 2015 at 7:36 pm
70914036
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറബിക് കാലിഗ്രാഫി എക്‌സിബിഷന്‍ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറബിക് കാലിഗ്രാഫി എക്‌സിബിഷനില്‍ സന്ദര്‍ശനം നടത്തി. അറബ്-ഇസ്‌ലാമിക ലോകത്തുനിന്നുള്ള പ്രശസ്തരായ കാലിഗ്രാഫിക്കാരുടെ സൃഷ്ടികള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചു.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആട്‌സ് അതോറിറ്റിയാണ് ഈ മാസം 14 മുതല്‍ വാഫി മാളില്‍ കാലിഗ്രാഫി എക്‌സ്ബിഷന്‍ സംഘടിപ്പിച്ചത്. അടുത്ത മാസം 15 വരെ തുടരും. അറബിക് കാലിഗ്രാഫിയിലെ ക്ലാസിക്, മോഡേണ്‍ അറബിക്ക് വിഭാഗങ്ങളില്‍ ഉള്‍പെട്ട 140 മാസ്റ്റര്‍പീസുകളാണ് ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള കാലിഗ്രാഫികളും പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ദുബൈയില്‍ ഇത്തരം ഒരു പ്രദര്‍ശനം ഒരുക്കാന്‍ ശൈഖ് മുഹമ്മദാണ് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റിയോട് നിര്‍ദേശിച്ചത്. അറബ് ജനതയുടെ സംസ്‌കാരവും പാരമ്പര്യവും പ്രകടമാക്കുന്ന കാലിഗ്രാഫിയെന്ന കലാരൂപത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണിത്. മെട്രോ സ്റ്റേഷനുകള്‍, സെന്‍ട്രല്‍ മര്‍ക്കറ്റുകള്‍, ഉദ്യാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.
കരയിലും കടലിലും വായുവിലും കാലിഗ്രാഫിയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തുറമുഖങ്ങളിലും പ്രദര്‍ശനം നടത്തുന്നുണ്ട്.
എഫ് എന്‍ സി സ്പീക്കര്‍ മുഹമ്മദ് അഹ്മദ് അല്‍മുര്‍, ആരോഗ്യ മന്ത്രിയും ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍മാനുമായ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, ദുബൈ റൂളേഴ്‌സ് അഡ്‌വൈസര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സ് ഇബ്‌റാഹീം മുഹമ്മദ് ബൂ മില്‍ഹ, ദുബൈ പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.