Connect with us

National

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് പ്രക്ഷുബ്ധമായ തുടക്കം; ഗിരിരാജ് സിംഗ് മാപ്പ് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് പ്രക്ഷുബ്ധമായ തുടക്കം. സോണിയാ ഗാന്ധിക്കെതിരായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ വംശീയപരാമര്‍ശവും ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പ്രതിപക്ഷ ബഹളെത്ത തുടര്‍ന്ന് രണ്ട് തവണ സഭ നിര്‍ത്തിവെക്കേണ്ടിവന്നു.

ലോക്‌സഭ സമ്മേളിച്ച ഉടന്‍ തന്നെ മന്ത്രി ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. തുടര്‍ന്ന് 11.45 വരെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. 11.45ന് സഭ വീണ്ടും സമ്മേളിച്ചപ്പോഴും ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു. ഇതേതുടര്‍ന്ന് ഗിരിരാജ് സിംഗ് പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തി. ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ പ്രസ്താവന നടത്തിയതെന്നും അത് ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയില്‍ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചതോടെ പ്രതിപക്ഷം വീണ്ടും ക്ഷുഭിതമായി. ബില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭാനടപടികള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് സഭ രണ്ട് മണിവരെ വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മെയ് എട്ടിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. 23ന് ആരംഭിക്കുന്ന രാജ്യസഭാ സമ്മേളനം മെയ് 13 വരെ നീണ്ടുനില്‍ക്കും. ബജറ്റ് സമ്മേളനം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ലിമെന്റിന്റെ ഉത്പാദനക്ഷമത 125 ശതമാനമായതായും മോദി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ പാര്‍ലിമെന്റ് പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പുള്ളതിനാല്‍, ബി ജെ പി. എം പിമാര്‍ എല്ലാ ദിവസവും ഹാജരാകണമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ നിയമമാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതാണ് കാരണം. മോദി സര്‍ക്കാറിന്റെ പതിനൊന്നാമത്തെ ഓര്‍ഡിനന്‍സാണിത്. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് പാസ്സാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യരുതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം. ജനതാ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ പാര്‍ലിമെന്റില്‍ പ്രതിപക്ഷ നിരയുടെ ശക്തി വര്‍ധിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ തൊട്ടുമുമ്പ് അജ്ഞാതവാസം തുടങ്ങിയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പ് കൂടുതല്‍ ശക്തമാണ്. അതേസമയം, രാഹുലിന്റെ തിരിച്ചുവരവ് ഭരണപക്ഷം പരിഹാസവിഷയവുമാക്കും.