മരവിപ്പിച്ച നികുതി ഫണ്ട് ഫലസ്തീന് കൈമാറുമെന്ന് ഇസ്‌റാഈല്‍

Posted on: April 20, 2015 5:22 am | Last updated: April 19, 2015 at 11:22 pm

nethanyahuജറുസേലം : അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ബന്ധപ്പെട്ട കലഹത്തെത്തുടര്‍ന്ന് കൈമാറാതെ മരവിപ്പിച്ച, ഫലസ്തീന്‍ അതോറിറ്റിക്ക് വേണ്ടി നികുതിയിനത്തില്‍ പിരിച്ചെടുത്ത ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറാമെന്ന് ഇസ്‌റാഈല്‍ സമ്മതിച്ചതായി ഫലസ്തീന്‍ പ്രസിഡന്റ്. മുഴുവന്‍ പണവും കൈമാറുന്നത് സംബന്ധിച്ച് കരാറിലെത്തിയതായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. നികുതി സംബന്ധിച്ച് ഒരു കരാറിലെത്തിയതായി നേരത്തെ ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ 459 ദശലക്ഷം ഡോളര്‍ തിങ്കളാഴ്ച കൈമാറുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയതിന് ശിക്ഷയെന്ന രീതിയിലാണ് ഇസ്‌റാഈല്‍ ജനുവരിയില്‍ നികുതി തുക കൈമാറ്റം മരവിപ്പിച്ചത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതയില്‍ ഫലസ്തീന്‍ അംഗമായാല്‍ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ഇവിടെ വിചാരണചെയ്യപ്പെടുമെന്ന ഭയമാണ് ഇതിന് കാരണം. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മാനുഷികമുഖം മുന്‍നിര്‍ത്തി പണം കൈമാറുമെന്ന് പ്രഖ്യാപിച്ചത്.
വൈദ്യുതി, വെള്ളം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുടെ തുക കുറച്ച് ഈ മാസം ആദ്യത്തോടെ പണം കൈമാറാമെന്നായിരുന്നു ഇസ്‌റാഈല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ ഫലസ്തീന്‍ മുഴുവന്‍ പണവും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 1994 സാമ്പത്തിക കരാര്‍ പ്രകാരമാണ് ഇസ്‌റാഈല്‍ ഫലസ്തീന് നികുതി പിരിച്ചു നല്‍കേണ്ടത്.