Connect with us

Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്‌ലിം ലീഗിലെ പി വി അബ്ദുല്‍ വഹാബും സി പി എമ്മിലെ കെ കെ രാഗേഷും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. നാലാമത് സ്ഥാനാര്‍ഥിയായി സി പി ഐയിലെ കെ രാജനാണ് മത്സരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ നിയമസഭാമന്ദിരത്തിലാണ് വോട്ടെടുപ്പ്. കെ ബി ഗണേഷ്‌കുമാര്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യും. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
140 അംഗ സഭയില്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ 139 പേരാണുള്ളത്. ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ 35 വോട്ടാണ് വേണ്ടത്. ഭരണപക്ഷത്ത് പി സി ജോര്‍ജുള്‍പ്പെടെ 73 പേരുണ്ട്. പ്രതിപക്ഷത്ത് കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ 66 പേരും. വയലാര്‍ രവിക്ക് 37 ഉം പി വി അബ്ദുല്‍ വഹാബിന് 36 ഉം വോട്ട് ലഭിക്കും വിധം യു ഡി എഫിന്റെ വോട്ടുകള്‍ വിഭജിച്ചിട്ടുണ്ട്. ആകെയുള്ള 38 അംഗ കോണ്‍ഗ്രസ് അംഗങ്ങളില്‍ മുഖ്യമന്ത്രി ഒഴികെയുള്ള 37 പേര്‍ വയലാര്‍ രവിക്ക് വോട്ട് ചെയ്യും. മുഖ്യമന്ത്രിയുടെയും മറ്റു ഘടകകക്ഷികളുടെയും വോട്ട് പി വി അബ്ദുല്‍ വഹാബിനും നല്‍കും.
സി പി എം അംഗങ്ങളില്‍ 36 പേര്‍ കെ കെ രാഗേഷിനും ശേഷിക്കുന്നവരും ഘടകകക്ഷികളും അഡ്വ. കെ രാജനും വോട്ട് ചെയ്യും. കെ ബി ഗണേഷ്‌കുമാറിന്റെ വോട്ടും രാജന് തന്നെയായിരിക്കും. വൈകുന്നേരം നാല് മണിക്കാണ് വോട്ടെണ്ണല്‍. നിയമസഭാസെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസര്‍.

---- facebook comment plugin here -----

Latest