Connect with us

Gulf

ഹൃദ്‌രോഗത്തിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കല്‍ സമ്മേളനം

Published

|

Last Updated

അബുദാബി: ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 30 ശതമാനത്തിനും കാരണം ഹൃദ്‌രോഗമാണെന്നും ഇതിനെതിരെ കടുത്ത ജാഗ്രത ഓരോരുത്തരും പുലര്‍ത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അബുദാബിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ബുര്‍ജീല്‍ മെഡിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഹൃദ്‌രോഗ വിദഗ്ധരാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഹൃദ്‌രോഗം കാരണമായുള്ള മരണ നിരക്ക് ലോകത്തെല്ലായിടത്തും നാള്‍ക്കുനാള്‍ കൂടി വരികയാണ് സമയോചിതമായ പരിശോധനകളും കൃത്യമായ പ്രതിരോധവുമില്ലാത്തതാണ് ഇത്തരത്തിലുള്ള പല മരണങ്ങളുടെയും കാരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
രക്തത്തിലുണ്ടാകുന്ന കൊഴുപ്പാണ് ഹൃദ്രോഗത്തിന്റെ അടിസ്ഥാന കാരണം. ഇതാവട്ടെ മുഖ്യമായും ഭക്ഷണ രീതികളിലൂടെ ഉണ്ടാകുന്നതുമാണ്. ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണ രീതികളിലൂടെ ഇക്കാലത്ത് രക്തത്തില്‍ കൊഴുപ്പിനു സാധ്യതയുള്ളതിനാല്‍ ഇടക്കിടെയുള്ള പരിശോധനകള്‍ ആവശ്യമാണ്. രണ്ടു ദിവസം നീണ്ടുനിന്ന മെഡിക്കല്‍ സമ്മേളനത്തിന്റെ അവസാന ദിവസത്തിലെ സമാപന ചടങ്ങില്‍ വിദഗ്ധരായ 500 ഡോക്ടര്‍മാര്‍ പങ്കെടുത്തു.
ഹൃദ്രോഗത്തിനെ പ്രതിരോധിക്കാനുള്ള പുതിയ ചികിത്സാ രീതികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. രക്തത്തിലെ കൊഴുപ്പിന്റെ ആധിക്യം എങ്ങനെ ഇല്ലായ്മ ചെയ്യാമെന്നതിനെക്കുറിച്ച് സമാപന ചടങ്ങില്‍, അബുദാബി ശൈഖ് ഖലീഫ ഹോസ്പിറ്റലിലെ കാര്‍ഡിയക് കണ്‍സള്‍ട്ടന്റ് ഡോ. ശരീഫ് ബുകൈര്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
എല്ലാ രോഗങ്ങളിലുമെന്നപോലെ ഹൃദ്രോഗത്തിന്റെ കാര്യത്തിലും പ്രധാനമായും വേണ്ടത് മുന്‍കരുതലുകള്‍ തന്നെയാണ്. ഹൃദ്രോഗികളില്‍ ഓരോരുത്തരുടെയും രക്തത്തിലെ കൊഴുപ്പിന്റെ അളവ് വെവ്വേറെ പഠന വിധേയമാക്കല്‍ ചികിത്സയുടെ മുമ്പ് അനിവാര്യമാണ്. രോഗിയുടെ കുടുംബ പശ്ചാത്തലവും പഠിക്കേണ്ടതുണ്ട്. ജീവിത രീതികളിലെ മാറ്റം എല്ലാ ഹൃദ്രോഗികള്‍ക്കും ചികിത്സയുടെ ഭാഗമായി അനിവാര്യമാണ്. ഭക്ഷണ രീതികളിലെ മാറ്റവും ആവശ്യമായ വ്യായാമങ്ങളും ഇതിന്റെ ഭാഗമാണ്. അതോടൊപ്പം അമിത വണ്ണമുള്ളവരാണെങ്കില്‍ തൂക്കം കുറക്കുന്നതും ചികിത്സ ഫലപ്രദമാകാന്‍ സഹായകരമാണ്, ഡോ. ശരീഫ് ബുകൈര്‍ പറഞ്ഞു.

Latest