Connect with us

International

ഇരട്ട സ്‌ഫോടനം: ഇറാഖില്‍ 27 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ രണ്ട് നഗരങ്ങളില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിന് കിഴക്ക് ശിയാ ഹാബിയാക്ക് മുന്‍തൂക്കമുള്ള പ്രദേശത്തെ ഒരു കാര്‍ വിപണന കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബഗ്ദാദില്‍ ഇസില്‍ തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ എട്ട് ഇറാഖി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഇര്‍ബിലെ യു എസ് കോണ്‍സുലേറ്റിന് സമീപമാണ് മറ്റൊരു കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. അന്‍കാവ ജില്ലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. യു എസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ചാവേര്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ യു എസ് അപലപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.