വിലങ്ങാട് ആദിവാസി കോളനികളില്‍ ക്ഷയം പടരുന്നു

Posted on: April 18, 2015 11:51 am | Last updated: April 18, 2015 at 11:51 am

നാദാപുരം: വിലങ്ങാട് ആദിവാസി കോളനികള്‍ ക്ഷയ രോഗത്തിന്റെ പിടിയില്‍. വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ കോളനി നിവാസികളിലാണ് രോഗം വ്യാപിക്കുന്നത്. രണ്ട് കോളനികളില്‍ നിന്നുള്ള പതിനെട്ട് പേര്‍ക്ക് ക്ഷയം പിടിപെട്ടതായി അറിയുന്നു.
ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ഷയം പിടിപെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും പേര്‍ രോഗ ബാധിതരായിട്ടും ആരോഗ്യ വകുപ്പ് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ ആദിവാസി കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളില്‍ കോളനിയിലെത്തുന്ന ജനമൈത്രി പോലീസാണ് ശ്രദ്ധിക്കുന്നത്. മാസത്തില്‍ രണ്ട് ദിവസം കോളനികളില്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തണമെങ്കിലും ഈ കോളനികളില്‍ കുറച്ച് കാലങ്ങളിലായി ഇത് നിലച്ചിരിക്കുകയാണ്. ആശാ വര്‍ക്കര്‍മാരും, അങ്കണ്‍വാടി ജീവനക്കാരും ക്ഷയ രോഗത്തിനുള്ള മരുന്നുകള്‍ വീട്ടിലെത്തിക്കുമെങ്കിലും കോളനി വാസികള്‍ മരുന്ന് കഴിക്കാറില്ല. മരുന്ന് കഴിക്കാന്‍ വിസമ്മതിച്ച ഒരു സ്ത്രീ കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു.
ക്ഷയം പിടിപെട്ടാല്‍ തുടര്‍ച്ചയായി ആറ് മാസം ചികിത്സിച്ചാല്‍ രോഗം മാറുമെങ്കിലും മരുന്ന് യഥാസമയങ്ങളില്‍ കഴിക്കാത്തത് ഇവര്‍ക്ക് വിനയാകുകയാണ്. ഇതിന് വേണ്ട ബോധവത്കരണം ഇവിടെ നടക്കുന്നില്ല. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എപ്പോഴെങ്കിലും കോളനി സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരം സന്ദര്‍ശനം നടത്തി ആരോഗ്യ ബോധവത്കരണം നടത്തേണ്ട നേഴ്‌സ് ഈ കോളനിയില്‍ എത്താറില്ലന്നാണ് കോളനിക്കാര്‍ പറയുന്നത്.