Connect with us

Kerala

ഹജ്ജ് കമ്മിറ്റിയും സിയാല്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഇത്തവണത്തെ ഹജ്ജ് യാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് കൊച്ചി വിമാനത്താവളത്തില്‍വെച്ച് ഹജ്ജ് കമ്മിറ്റി ഭാരവാഹികളും സിയാല്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി.
ഹജ്ജ് യാത്രക്കായി പോകുന്നവര്‍ക്ക് വിശ്രമ സ്ഥലം ഒരുക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലവും ഹജ്ജ് കമ്മിറ്റി അധികൃതര്‍ പരിശോധിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള പത്ത് ഏക്കര്‍ സ്ഥലത്താണ് ഹജ്ജ് ക്യാമ്പ് ഒരുക്കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടുള്ളത്. തുറസ്സായി കിടക്കുന്ന ഈ സ്ഥലത്ത് ക്യാമ്പിനാവശ്യമായുള്ള വിശ്രമ കേന്ദ്രങ്ങള്‍ക്കായി ടെന്റ് കെട്ടുന്നതിനാണ് വിമാനത്താവള അധികൃതര്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം തന്നെ വെറുതെ കിടക്കുന്ന വിമാന അറ്റകുറ്റ പണികേന്ദ്രത്തിന്റെ സ്ഥലവും ഹജ്ജ് ക്യാമ്പിനായി പരിഗണിക്കുന്നുണ്ട്. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത് ഹജ്ജ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും.
കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ വികസനത്തിനായി മെയ് 1 മുതല്‍ അടച്ചിടുന്നതുമൂലമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹജ്ജ് ക്യാമ്പ് മാറ്റുന്നത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജു, മജീദ് റഹ്മാന്‍, ഉമ്മര്‍ ഹാജി, അഹമ്മദ് മൂപ്പന്‍, സി സി മുഹമ്മദ്, ഷാജഹാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ചര്‍ച്ചക്ക് എത്തിയത്.

 

---- facebook comment plugin here -----

Latest