Connect with us

Malappuram

യമനിലെ ഏറ്റുമുട്ടല്‍ സ്വാര്‍ത്ഥതയുടെ ഉല്‍പന്നം: കാന്തപുരം

Published

|

Last Updated

മലപ്പുറം: അറിവുനേടലും അതിന്റെ സേവനങ്ങളുമാണ് വിശ്വാസിയുടെ മാര്‍ഗം. ഈ വഴിയിലൂടെയാണ് സച്ചരിതരായ മുന്‍ഗാമികള്‍ കടന്നു പോയത്. വിജ്ഞാനത്തിന്റെ മഹത്വവും അനുഗ്രഹവുമാണ് ലോകം തകര്‍ന്നു പോകാതെ കാത്തുസൂക്ഷിക്കുന്നത്.
സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നതും സമാധാനഭംഗമുണ്ടാക്കുന്നവരുമാണ് മനുഷ്യ പുരോഗതിക്ക് ഏറ്റവും വലിയ ഭീഷണി. കാലത്തെ പിന്നോട്ട് വലിക്കുകയാണവര്‍. യമനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും ഏറ്റുമുട്ടലുകളും സ്വാര്‍ത്ഥതയുടെ ഉത്പന്നങ്ങളാണ്. നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിലും ഇത്തരം അപകടങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കേണ്ടത് ഓരോ പൗരന്മാരുടെയും കടമയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഒരു നീക്കത്തിനും കൂട്ടുനില്‍ക്കാന്‍ യഥാര്‍ത്ഥ വിശ്വാസിക്ക് കഴിയില്ല. ഈ കാര്യത്തില്‍ സുന്നത്ത് ജമാഅത്തിനും അതിന്റെ നേതാക്കള്‍ക്കും വ്യക്തമായ നിലപാടുണ്ട്. ഒരു തരത്തിലുള്ള ഛിദ്രശക്തികളും ഇവിടെ വളരാന്‍ സുന്നീ സമൂഹം അനുവദിക്കില്ല. മുസ്‌ലിം സമൂഹത്തിന്റെ പാരമ്പര്യ മാര്‍ഗത്തില്‍ നിന്നും വഴുതിപ്പോയവരാണ് ലോകത്ത് എവിടെയും അസമാധാനമുണ്ടാക്കുന്നത്. മാനവതക്കുതന്നെ ഭീഷണിയായ ഐ.എസിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. മഅ്ദിന്‍ വൈസനിയം ആത്മീയ- വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലകളില്‍ അഭിമാനകരമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നന്മയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ പദ്ധതികളെ പിന്തുണക്കണം. മലബാറിന്റെ പുഷ്‌ക്കലമായ ചരിത്രത്തെയും പൈതൃകത്തേയും അന്താരാഷ്ട്ര വേദികളിലെത്തിക്കാനുള്ള വൈസനിയത്തിന്റെ പ്രത്യേക പദ്ധതി ശ്രദ്ധേയമാണെന്നും കാന്തപുരം പറഞ്ഞു.

Latest