പറക്കും തവള കൗതുകമായി

Posted on: April 17, 2015 8:24 pm | Last updated: April 17, 2015 at 8:24 pm
GLIDING LIZARD
കൊടോളിയില്‍ കണ്ടെത്തിയ പറക്കും പച്ചത്തവള

നരിക്കുനി: നരിക്കുനി കൊടോളിയിലെ കെ.പി അബദുള്ളയുടെ പറമ്പില്‍ കണ്ടെത്തിയ പറക്കും പച്ചത്തവള കൗതുകമായി. ചെമ്പോത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തവളയെ കലിക്കറ്റ് സര്‍വ്വകലാശാലയിലെ സുവോളജി വിഭാഗത്തിന് കൈമാറി. പശ്ചിമഘട്ടത്തില്‍ കാണുന്ന വംശനാശ ഭീഷണി നേരിടുന്ന മലബാര്‍ ഗ്ലൈഡിങ് ഫ്രോഗ് എന്ന ഇതിന്റെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മം ഉപയോഗിച്ച് മരത്തില്‍ 9 മുതല്‍ 12 വരെ മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ഇവയ്ക്ക് കഴിയും. ഇത് കണ്ടാല്‍ പറക്കുന്നതുപോലെ തോന്നും. രണ്ടാംതവണയാണ് ഇത്തരമൊരെണ്ണത്തിനെ ഇവിടെ കണ്ടെത്തുന്നത്. ജീവികളുടെ ആവാസം നഷ്ടപ്പെടുന്നതാണ് ഇത്തരം ജീവികളെ ഇടക്കിടെ കാണാന്‍ കാരണമാകുന്നതെന്ന് അധ്യാപകനായ പി ടി സിറാജുദ്ദീന്‍ പറഞ്ഞു. ഇത്തരം ജീവികളുടെ സംരക്ഷണത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം പലതിനും ജീവഹാനി സംഭവിക്കുന്നുമുണ്ട്. ഇവയെ സംരക്ഷിക്കുന്നതിന് നരിക്കുനി പഞ്ചായത്ത് തലത്തില്‍ കൂട്ടായക്കൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.