ദാദ വരുന്നു; ടീം ഇന്ത്യയെ പരിശീലിപ്പിക്കാന്‍

Posted on: April 17, 2015 5:39 am | Last updated: April 17, 2015 at 12:40 am

gangulyന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ വിജയ നായകനായിരുന്ന സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന് സൂചന. നിലവിലെ കോച്ച് ഡങ്കന്‍ ഫഌച്ചര്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ടീം കോച്ചായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ സൂചിപ്പിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ലോകകപ്പ് കഴിഞ്ഞതോടെ ഫഌച്ചറുടെ കരാര്‍ അവസാനിപ്പിക്കാന്‍ ബി സി സി ഐ തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്ന് പുതിയ കോച്ചിനെ തേടുകയാണ് ബി സി സി ഐ. ടീം ഇന്ത്യയുടെ കോച്ചാകുന്നതിനുള്ള താത്പര്യം ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ ഗാംഗുലി അറിയിച്ചതായാണ് വിവരം. ഡാല്‍മിയയുടെ അടുപ്പക്കാരനായത് ഗാംഗുലിക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഡാല്‍മിയ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച വാര്‍ത്തകളോട് ഗാംഗുലി പ്രതികരിച്ചില്ല. പരിശീലകനാകാന്‍ താത്പര്യമുണ്ടെങ്കില്‍ ഗാംഗുലി മറ്റുള്ളവരെപ്പോലെ തന്നെ അധികൃതര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ബി സി സി ഐ അംഗങ്ങളും മുന്‍ ടീം ക്യാപ്റ്റന്‍മാരും ഉള്‍പ്പെടുന്ന ബോര്‍ഡ് അപേക്ഷകരുമായി അഭിമുഖം നടത്തും. ഇതിലൂടെയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ഏപ്രില്‍ 26ന് ചേരുന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ മാത്രമേ കോച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. എന്നാല്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി സി സി ഐയിലെ ഒരു വിഭാഗം ആവശ്യമുയര്‍ത്തിയതായും റിപ്പോട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീം നായകനാണ് ദാദ എന്നറിയപ്പെടുന്ന ഗാംഗുലി. ക്രിക്കറ്റിന്റെ മെക്കഎന്നറിയപ്പെടുന്ന ലോഡ്‌സില്‍ 1992ലായിരുന്നു ഗാംഗുലിയുടെ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ ദാദ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു. 113 ടെസ്റ്റുകളില്‍ നിന്നായി 16 സെഞ്ചുറികളടക്കം 7212 റണ്‍സ് നേടിയിട്ടുണ്ട്. 311 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറികള്‍ സഹിതം 11,363 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 42.17 ഏകദിനത്തില്‍ 41.02 ആണ് ശരാശരി. നായകനെന്ന നിലയില്‍ 49 ടെസ്റ്റുകള്‍. അതില്‍ 21ല്‍ ജയം. 13 പരാജയം. 146 ഏകദിനങ്ങളിലും ഗാംഗുലി ഇന്ത്യയെ നയിച്ചു. ഇതില്‍ 76 വിജയങ്ങളും 65 പരാജയങ്ങളും.