Connect with us

Kerala

ക്വാറി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് വിദഗ്ധ സമിതി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ക്വാറി ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദഗ്ധ സമിതി ചര്‍ച്ച ചെയ്യും. ക്വാറി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റിയെയാകും നിയോഗിക്കുക.അടിയന്തരമായി രൂപവത്കരിക്കുന്ന സമിതി ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ക്വാറി പെര്‍മിറ്റ് സംബന്ധിച്ച് രാജസ്ഥാനില്‍ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും സമിതി വിലയിരുത്തി കേരളത്തിന് ഇക്കാര്യങ്ങളില്‍ അനുഗുണമായ സാധ്യതകള്‍ ഉണ്ടോയെന്ന് പരിശോധിക്കും.
പുതിയ ക്വാറി ലൈസന്‍സും ക്ലിയറന്‍സുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പരിസ്ഥിതി ഡയറക്ടര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ മുനീര്‍, രാജു എബ്രഹാം എം എല്‍ എ, ഐ ടി-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, പരിസ്ഥിതി-മൈനിംഗ് വകുപ്പ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍, വിവിധ ക്വാറി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Latest