Editorial
കോണ്‍ഗ്രസുമായി കൂടിയാലെന്താ?

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച സി പി എം നിലപാട് പുനഃപരിശോധിക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടിയില്‍ ശക്തിയേറി വരികയാണ്. ബി ജെ പിയെയും കോണ്‍ഗ്രസിനെയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള വിശാല മതേതര സഖ്യമാണ് വിശാഖപട്ടണത്ത് നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയരേഖയില്‍ വിഭാവനം ചെയ്യുന്നതെങ്കിലും, നവ സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസുമായി ചേരില്ലെന്ന രാഷ്ട്രീയ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നതായാണ് വിവരം. പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ബി ജെ പി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെ നോവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നതും ശ്രദ്ധേയമാണ്. വിശാല ജനാധിപത്യ മതേതര സഖ്യത്തിന്റെ ആവശ്യകത പാര്‍ട്ടി നേതൃത്വം ഊന്നിപ്പറയുമ്പോള്‍, അത് കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി സാധ്യമല്ലെന്ന അഭിപ്രായക്കരാണ് പാര്‍ട്ടി പ്രതിനിധികളില്‍ പലരും.
സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നയങ്ങളാണ് കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് തടസ്സമായി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. നരസിംഹ റാവുവിന്റെ കാലത്ത് തുടക്കമിട്ട ഈ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഫലമായി രാജ്യത്തെ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും അതീവ ദുര്‍ബലമായെന്നും വിലക്കയറ്റം പോലുള്ള ജനജീവിതം ദുസ്സഹമാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളുളവാക്കിയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വാദം. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പയ്യെ പയ്യെ ഇത്തരം സിദ്ധാന്തങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത നേതൃത്വം മനഃപൂര്‍വം വിസ്മരിക്കുകയാണ്. ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കിയത് കോണ്‍ഗ്രസിനെ കവച്ചുവെക്കുന്ന നവലിബറല്‍ നയങ്ങളായിരുന്നു. നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിക്കാനും ടാറ്റയുടെ സ്വകാര്യ സംരഭത്തിന് സാഹചര്യമൊരുക്കാനും ബുദ്ധദേവ് സര്‍ക്കാര്‍ ബലി നല്‍കിയത് 14 പാര്‍ട്ടി പ്രവര്‍ത്തകരെയാണ്. ഉത്തരാഖണ്ഡില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന കാര്‍ നിര്‍മാണ യുനിറ്റ് ടാറ്റയെ സ്വാധീനിച്ചാണ് ബുദ്ധദേവ് പശ്ചിമ ബംഗാളിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചത്.
മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഒന്നാം യു പി എ സര്‍ക്കാറിനെ സി പി എം പിന്തുണച്ചതുമാണ്. മുതലാളിത്ത നയങ്ങളെന്ന് സി പി എം വിലയിരുത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മന്‍മോഹന്‍ സിംഗായിരുന്നു അന്ന് സര്‍ക്കാറിനെ നയിച്ചിരുന്നത്.
വര്‍ഗീയ പാര്‍ട്ടികള്‍ കരുത്ത് നേടുകയും അവരുടെ അപകടകരമായ അജന്‍ഡകള്‍ ഒന്നൊന്നായി ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഗുരുതരമായ ഒരു സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കരുനീക്കങ്ങള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സജീവമാണ്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നിരന്തരം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ചരിത്രം ഹിന്ദുപുരാണങ്ങളെ അടിസ്ഥാനമാക്കി മാറ്റിത്തിരുത്താനുള്ള ശ്രമങ്ങളും തകൃതിയാണ്. വിദ്യാഭ്യാസ മേഖലയിലും കാവിവത്കരണം നടപ്പാക്കിത്തുടങ്ങി. മന്ത്രിമാരുടെയും എം പിമാരുടെയും ബി ജെ പി നേതാക്കളുടെയും പ്രസ്താവനകളില്‍ ഹിന്ദുത്വ അജന്‍ഡകള്‍ പ്രകടമാണ്. മോദിയുടെ നയപരിപാടികളെ അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനില്‍ പൊയ്‌ക്കൊള്ളണമെന്നാണ് ഗിരിരാജ് സിംഗിന്റെ “ഉത്തരവ്”. ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെടുന്നു. ബാബ്‌രി മസ്ജിദ് നിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതുമാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ മഹത്വവത്കരിക്കാനും പ്രതിമകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാനുമുള്ള തീരുമാനത്തോളമെത്തി സംഘ്പരിവാറിന്റെ ധാര്‍ഷ്ട്യം. ഇത്തരമൊരു സാഹചര്യത്തില്‍ മേതതര കക്ഷികളുടെ കൂട്ടായ്മയും വിശാല സഖ്യവും കൂടുതല്‍ പ്രസക്തമാണ്. കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും വര്‍ഗീയ ശക്തികള്‍ അധികാരത്തിലേറിയത് സ്വന്തം ബലത്തിന്മേലല്ല, തിരഞ്ഞെടുപ്പില്‍ ഭിന്നിച്ചു നിന്നതിലൂടെ മതേതര കക്ഷികള്‍ ഒരുക്കിക്കൊടുത്ത പഴുതിലൂടെയായിരുന്നു. അതിനുള്ള അവസരം ഇനിയും സൃഷ്ടിക്കരുത്. അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള വിവേകമാണ് സി പി എം നേതൃത്വത്തില്‍ നിന്ന് മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നനത്. ഇനിയും വര്‍ഗീയ ശക്തികളുടെ മുന്നേറ്റത്തിനും അധികാരാരോഹണത്തിനും ഇടം നല്‍കിയാല്‍ അത് മതേതര ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതിന് സമാനമായിരിക്കും.