പാതിരാ ചര്‍ച്ച അവസാനിച്ചു; മലയാളി സമാജം ഔദ്യോഗിക പക്ഷത്ത് സ്ഥാനാര്‍ഥികളായി

Posted on: April 16, 2015 8:03 pm | Last updated: April 16, 2015 at 8:03 pm

അബുദാബി: മലയാളി സമാജം തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന പാതിരാ ചര്‍ച്ചകള്‍ക്ക് ശേഷം ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമായി. ഇ മാസം 23നാണ് മലയാളി സമാജത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പ്. നിലവില്‍ ഭരണസമിതി നിയന്ത്രിക്കുന്ന കോഡിനേഷന്‍ കമ്മിറ്റിയിലാണ് സ്ഥാനങ്ങള്‍ക്ക് വേണ്ടി കമ്മിറ്റിയിലെ സംഘടനകള്‍ തമ്മില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ നടന്നത്. 10 സംഘടനകളുടെ നിലവിലെ ചെയര്‍മാന്‍ ടി എന്‍ നാസറാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. സഹ ഭാരവഹികളുടെ കാര്യത്തിലാണ് ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ച വേണ്ടി വന്നത്.
ഏകോപന സമിതിയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, അബുദാബി സോഷ്യല്‍ ഫോറം, ദര്‍ശന മുസഫ്ഫ, കല, ഫ്രണ്ട്‌സ് എ ഡി എം എസ് എന്നീ സഘടനകളാണ് സ്ഥാനങ്ങള്‍ക്ക് വേണ്ടി വടംവലി നടന്നത്. നിലവില്‍ പ്രസിഡന്റ് സ്ഥാനം അബുദാബി സോഷ്യല്‍ ഫോറത്തിനും സെക്രട്ടറി സ്ഥാനം കല അബുദാബിക്കുമാണ്. തുടര്‍ന്നും രണ്ട് സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് തന്നെ വേണമെന്ന് ഇരു സഘടനകളും ആവശ്യപ്പെട്ടതാണ് ചര്‍ച്ച നീണ്ടുപോകുവാന്‍ കാരണം. ഒത്തുതീര്‍പ്പ് പ്രകാരം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ എ സുശീലന്‍ പ്രസിഡന്റായും അബുദാബി സോഷ്യല്‍ ഫോറത്തിലെ ജയലാല്‍ ഗ്രൂപ്പിലെ പി ടി റഫീഖ് വൈസ് പ്രസിടന്റായും ദര്‍ശന മുസഫ്ഫയുടെ സതീഷ് കുമാര്‍ ജനറല്‍ സെക്രട്ടറിയായും ഫ്രണ്ട്‌സ് എ ഡി എം എസ്സിന്റെ ഫസലുദ്ദീന്‍ ട്രഷററായും മത്സരിക്കും. ഭരണസമിതിയില്‍ നാല് സ്ഥാനങ്ങളിലേക്കും 11 അംഗ പ്രവര്‍ത്തക സമിതിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന കല അബുദാബിക്ക് തിരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ല. അവസാന നിമിഷം വരെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ക്ക് വേണ്ടി പിടി മുറുക്കിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതില്‍ കലയുടെ അംഗങ്ങളില്‍ പ്രധിഷേധമുണ്ട്.
നാമനിര്‍ദേശക പത്രകയുടെ സൂക്ഷ്മപരിശോധന ഇന്നലെ കഴിഞ്ഞു. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. നാളെ മത്സരിക്കുന്നവരുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും മറുപക്ഷത്തുള്ള മനോജ് പുഷ്‌കറിന്റെ വിഭാഗവും മത്സര രംഗത്തുണ്ട്.