സത്‌വയിലെ വില്ലകളില്‍ താമസിക്കുന്നവര്‍ക്ക്്് ഒഴിയാന്‍ നോട്ടീസ്

Posted on: April 16, 2015 7:42 pm | Last updated: April 16, 2015 at 7:42 pm

evictionnotice_0413ദുബൈ: സത്‌വയിലെ പഴയ വില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ ദുബൈ ലാന്‍ഡ് വകുപ്പിന്റെ നോട്ടീസ്. ശൈഖ് സായിദ് റോഡിലെ അംബര ചുംബികളുടെ നിഴല്‍ പറ്റി കഴിയുന്ന പഴയ വില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 30നകം വില്ലകളില്‍ നിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് ലഭിച്ച താമസക്കാരില്‍ ചിലര്‍ വ്യക്തമാക്കി.

ക്രൗണ്‍ പ്ലാസ, ഷാന്‍ഗ്രില ഹോട്ടലുകള്‍ക്ക് പുറകിലായി ഖദ്രി മസ്ജിദിന് സമീപത്തുള്ള 50 മുതല്‍ 100 വരെ വില്ലകളില്‍ താമസിക്കുന്നവര്‍ ഒഴിയേണ്ടിവരും. ഇവിടെ കുടുംബങ്ങള്‍ക്കൊപ്പം ചില വില്ലകളില്‍ ബാച്ചിലര്‍മാരും താമസിച്ച് വരുന്നുണ്ട്. അതേ സമയം, എന്ത് പദ്ധതിയാണ് വില്ലകള്‍ പൊളിച്ച് ഇവിടെ പണിയുകയെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് വാര്‍ത്താ ലേഖകര്‍ക്ക് ലാന്റ് വകുപ്പ് അധികൃതരുടെ പ്രതികരണവും ലഭ്യമായിട്ടില്ല.
നോട്ടീസ് ലഭിച്ചതോടെ ഭീതിയിലായിരിക്കയാണെന്ന് ഫര്‍ഹാന്‍ ഹസന്‍ അല്‍ ജാസിമി എന്ന താമസക്കാരന്‍ വ്യക്തമാക്കി. മാര്‍ച്ച് 22 ആണ് നോട്ടീസ് ലഭിച്ചതെന്നും ഇതോടെ വില്ലകളില്‍ താമസിക്കുന്നവരെല്ലാം ഭീതിയുടെ പിടിയിലായിരിക്കയാണെന്നും ഫര്‍ഹാന്‍ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കള്‍ ഷിന്ദഗയുടെ സമീപത്തു നിന്നാണ് 1971ല്‍ ഇവിടേക്ക് താമസം മാറിയതെന്നും താന്‍ ജനിച്ചത് ഇവിടെയാണെന്നും ജാസിമി വ്യക്തമാക്കി. മാതാവും 12 സഹോദരരും ഇവിടെയാണ് താമസിക്കുന്നത്. ബദൂവിയനാണെങ്കിലും കോമറോസ് പാസ്‌പോര്‍ട്ട് ഉള്ള ആളായതിനാല്‍ എന്തെങ്കിലും നഷ്ടപരിഹാരം സര്‍ക്കാറില്‍ നിന്നു ലഭിക്കുമോയെന്നും അറിയില്ല. മൂന്നു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ തുകക്ക് ഞങ്ങള്‍ക്കെല്ലാം ഒന്നിച്ചു കഴിയാവുന്ന ഒരു വീട് എവിടെയാണ് ദുബൈയില്‍ ലഭിക്കുക.
മറ്റൊരു താമസക്കാരനായ അലി ഹുസൈനും ഇതേ ഉത്കണ്ഠയാണ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം എന്റെ മൂത്ത സഹോദരന്‍ ലാന്റ് വകുപ്പില്‍ പോയിരുന്നു. പസ്‌പോര്‍ട്ടും മറ്റ് രേഖകളും ദേരയിലുള്ള ഓഫീസിലുള്ളവര്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ ടെലിഫോണ്‍ നമ്പറും അവര്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. എപ്പോഴാണ് അവര്‍ വിളിക്കുകയെന്നോ എന്തെങ്കിലും സഹായം ലഭിക്കുമോയെന്നൊന്നും അറിയില്ല.
സ്വദേശി പാസ്‌പോര്‍ട് ഉള്ളതിനാല്‍ തീര്‍ച്ചയായും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അലി. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. വില്ലയില്‍ ഞങ്ങള്‍ നാലു സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് താമസിക്കുന്നതെന്നും അലി ഉത്കണ്ഠപ്പെട്ടു. എവിടേക്കാണ് പോകുക, എന്താണ് സംഭവിക്കുക എന്നറിയാത്ത സ്ഥിതിയാണെന്ന് ഇറാന്‍ സ്വദേശിയായ അബ്ദുല്‍ ശരീഫി പ്രതികരിച്ചു. പ്രശ്‌നത്തന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണാന്‍ കാത്തിരിക്കുകയാണ് ഇവിടെ താമസിക്കുന്നവര്‍.