ലുലുവിന് ജര്‍മന്‍ സാങ്കേതികവിദ്യ

Posted on: April 16, 2015 6:50 pm | Last updated: April 16, 2015 at 6:50 pm

ദുബൈ: മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ വ്യാപാര ശൃംഖലയായ ലുലുവിന് ഭക്ഷ്യസംസ്‌കരണത്തില്‍ ജര്‍മന്‍ സാങ്കേതികവിദ്യ.
ലുലു ഗ്രൂപ്പിന് കീഴില്‍ തെലങ്കാനയില്‍ സ്ഥാപിക്കുന്ന ഭക്ഷ്യ സംസ്‌കരണ പഌന്റിനാണ് നവീന ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അവസരം ലഭിക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ജര്‍മന്‍ കമ്പനികളുമായി പുരോഗമിച്ചു വരികയാണെന്ന് ലുലു ഗ്രൂപ്പ് എം ഡിയും പ്രമുഖ വ്യവസായിയുമായ എം എ യൂസുഫലി വ്യക്തമാക്കി.
ജര്‍മനിയില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ വ്യവസായ പ്രദര്‍ശനമായ ഹാനോവര്‍ മേളയോടനുബന്ധിച്ച് നടന്ന ഇന്തോ-ജര്‍മന്‍ ബിസിനസ് മീറ്റിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗ്രൂപ്പ് അധികാരികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു ഷോപ്പിംഗ് മാളും ഹൈദരാബാദില്‍ ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. സാങ്കേതിക പരിജ്ഞാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മനിയുടെ ഈ രംഗത്തെ വൈദഗ്ധ്യം പ്ലാന്റിന് മുതല്‍ക്കൂട്ടാകും. ഭക്ഷ്യ സംസ്‌കരണ പ്ലാന്റിനായുള്ള സ്ഥലം തലസ്ഥാനമായ ഹൈദരാബാദിനടുത്ത് ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു.