രാത്രി യാത്രാ നിരോധനം നീക്കാനാകില്ലെന്ന് കര്‍ണാടക; ഇളവുകള്‍ പരിഗണിക്കാം

Posted on: April 15, 2015 12:10 pm | Last updated: April 15, 2015 at 9:25 pm

cm and siddaramayyaബന്ദിപൂര്‍: ദേശീയപാത 212 ലെ ബന്ദിപൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിരോധനം നീക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. അതേസമയം കേരളത്തിന്റെ ആവശ്യങ്ങളില്‍ ചിലത് പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അറിയിച്ചു. വിദഗ്ധ സമിതി ഇത് സംബന്ധിച്ച് പഠിച്ച ശേഷം രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കര്‍ണാടകയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സിദ്ദരാമയ്യ ഇക്കാര്യം വിശദമാക്കിയത്.

മെെസൂര്‍ – ബന്ദിപൂര്‍ – വയനാട് പാതയില്‍ കോണ്‍വോയ് ആയി കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടണമെന്ന് കേരളം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ആറ് ഗ്രൂപ്പുകളായി തിരിച്ച് 25 വാഹനങ്ങള്‍ വീത‌ം കടത്തിവിടണം. നിരോധനം രാത്രി പത്ത് മുതല്‍ പുലര്‍ച്ച അഞ്ച് വരെയായി പുനക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

രാത്രിയാത്രാനിരോധനവുമായി ബന്ധപ്പെട്ട്‌ ഇരുസംസ്ഥാനങ്ങള്‍ക്കും സംയുക്തമായി സ്വീകാര്യമായ പൊതുനിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന്‌ കഴിഞ്ഞ ജനുവരി 30ന്‌ സുപ്രീംകോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പങ്കെടുത്തിരുന്നു.

രാത്രിയാത്രാനിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട്‌ ശ്രീ ഉമ്മന്‍ചാണ്ടി മൂന്നാംതവണയാണ്‌ ചര്‍ച്ചക്കായി കര്‍ണ്ണാടകയില്‍ പോകുന്നത്‌. ബന്ദിപൂര്‍ വനമേഖലയില്‍ 5 വര്‍ഷംമുന്‍പ്‌ ചാമരാജ്‌നഗര്‍ ജില്ലാകലക്‌ടറാണ്‌ രാത്രിഗതാഗതം നിരോധിച്ചത്‌.