Connect with us

Kerala

ദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് സി ബി ഐ

Published

|

Last Updated

കൊച്ചി: കേരളം ആതിഥ്യം വഹിച്ച 35-ാമത് ദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് സി ബി ഐ. ഇതേക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ആരോപണം സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ സി ബി ഐ കൊച്ചി യൂണിറ്റിന്റെ നിലപാട്. കഴിഞ്ഞ ആഴ്ച കോടതിയില്‍ ഇക്കാര്യം വാക്കാല്‍ അറിയിച്ച സി ബി ഐ, രണ്ടാഴ്ചക്കുള്ളില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനുമതിക്കായി റിപ്പോര്‍ട്ട് ചെന്നൈയിലെ സി ബി ഐ ജോയിന്റ് ഡയറക്ടര്‍ക്ക് കൊച്ചി എസ് പി കഴിഞ്ഞ ദിവസം നേരിട്ട് കൈമാറിയതായറിയുന്നു.
ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ 120 കോടിയുടെ അഴിമതി നടന്നതായുള്ള വി ശിവന്‍കുട്ടി എം എല്‍ എയുടെ ആരോപണത്തിന് വിശ്വസനീയമായ തെളിവുകളൊന്നും സി ബി ഐക്ക് കണ്ടെത്താനായില്ല. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ സി ബി ഐ എത്തിയത്. വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ആരോപണം സംബന്ധിച്ച് വിശദമായി മൊഴിയെടുത്തുവെങ്കിലും അഴിമതി നടന്നതിന് തെളിവുകളൊന്നും ഹാജരാക്കാന്‍ ഇവരിലാര്‍ക്കും കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം മല്‍സരം നടന്ന വേദികളിലൊക്കെ സി ബി ഐ തെളിവെടുപ്പു നടത്തുകയുണ്ടായി. എന്നാല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റകരമായ ഗൂഢാലോചന നടന്നതായോ സ്ഥാപനങ്ങളോ വ്യക്തികളോ വഴിവിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയതായോ തെളിവുകള്‍ കിട്ടിയില്ല. ഗെയിംസിനായി സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ചത് ബിടിഒ അടിസ്ഥാനത്തിലാണ്. ജര്‍മനിയില്‍ നിന്നും സിന്തറ്റിക് ട്രാക്ക് വാങ്ങിയതിലും നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നത്. ഗെയിംസ് നടത്തിപ്പില്‍ ഭരണപരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം വീഴ്ചകള്‍ അഴിമിതിയുടെ പരിധിയില്‍പ്പെടുത്തി അന്വേഷിക്കാനാകില്ലെന്നും. ഭരണപരമായ വീഴ്ചക്ക് പിന്നില്‍ മനഃപൂര്‍വമായ ഗൂഡാലോചനയുണ്ടെങ്കിലേ കേസെടുക്കാനാകൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ തെളിവില്ലാത്തതിനാല്‍ കേസെടുത്ത് അന്വേഷിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ശിവന്‍കുട്ടി ഫെബ്രുവരി 14ന് സി ബി ഐ കൊച്ചി തിരുവനന്തപുരം യൂണിറ്റുകള്‍ക്ക് പരാതിയയച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രണ്ടാം പ്രതിയും ജേക്കബ് പുന്നൂസിനെ മൂന്നാം പ്രതിയുമാക്കി കേസെടുക്കണെന്നും ആവശ്യപ്പെട്ടിരുന്നു. സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഇതോടൊപ്പം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. വി ശിവന്‍കുട്ടിയുടെ ഹര്‍ജിയില്‍ സി ബി ഐയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിന്റെ വാദത്തിനിടയിലാണ് അഴിമതിക്ക് തെളിവൊന്നും ലഭിച്ചില്ലെന്ന് സി ബി ഐ അഭിഭാഷകന്‍ അറിയിച്ചത്. കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.
ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ അടിമുടി അഴിമതി നടന്നതായി ഭരണമുന്നണിക്കുള്ളില്‍ നിന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. കെ ബി ഗണേഷ്‌കുമാര്‍ എം എല്‍എ ഉപദേശക സമിതിയില്‍ നിന്ന് രാജി വെച്ചതോടെയാണ് ആരോപണങ്ങള്‍ പൊതുശ്രദ്ധയില്‍ വന്നത്. തുടര്‍ന്ന് ദിവസേനയെന്നോണം ദേശീയഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ദേശീയഗെയിംസിന്റെ പേരില്‍ പൂഴ്ത്തിവെച്ച സാധനങ്ങള്‍ ദിവസങ്ങള്‍ക്കുശേഷം ഓണ്‍ലൈന്‍ വില്‍പ്പനക്കും വഴിയോര വില്‍പ്പനക്കും വരെ എത്തിയിരുന്നു. ദേശീയഗെയിംസില്‍ അഹോരാത്രം സേവനമനുഷ്ഠിച്ച വളണ്ടിയര്‍മാര്‍ക്കുള്ള ബാഗും കിറ്റുമാണ് അവര്‍ക്ക് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത്. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണില്‍ സാധനങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ സ്റ്റിംഗ് ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.